'25 ലക്ഷം കൈമാറിയത് സുധാകരന്‍റെ സാന്നിധ്യത്തില്‍'; കെ സുധാകരന്‍ മോന്‍സന്‍റെ തട്ടിപ്പിന് സഹായിച്ചെന്ന് പരാതി

By Web TeamFirst Published Sep 27, 2021, 11:36 AM IST
Highlights

2018 നവംബര്‍ 22 ന് സുധാകരന്‍റെ സാന്നിധ്യത്തില്‍ മോന്‍സന്‍റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. 

കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ ഗുരുതരാരോപണം. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചു. 2018 നവംബ‍ർ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മോന്‍സന്‍റെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. 

വിദേശത്ത് നിന്നെത്തിയ കോടികൾ കയ്യില്‍ കിട്ടാൻ ദില്ലിയിലെ ഗുപ്ത അസോസിയേറ്റ്സിന് അടിയന്തരമായി 25 ലക്ഷം രൂപ വേണമെന്ന് മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ടു. സുധാകരന്‍റെ ഇടപെടലിൽ പാർലമെന്‍റിലെ പബ്ളിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് ഒപ്പിടുവിച്ച് പണംവിടുവിക്കുമെന്നും സംശയമുണ്ടെങ്കിൽ തന്‍റെ വീട്ടിലേക്ക് വന്നാൽ മതിയെന്നും മോന്‍സന്‍  അറിയിച്ചു. നവംബ‍ർ 22ന് കലൂരിലെ വീട്ടിൽവെച്ച് സുധാകരന്‍റെ സാന്നിധ്യത്തിൽ ദില്ലിലിലെ കാര്യങ്ങൾ സംസാരിച്ചെന്നും ഇതിന് തുടർച്ചയായി 25 ലക്ഷ രൂപ കൈമാറിയെന്നുമാണ് പരാതിയിലുളളത്. കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018 ൽ സംഭവം നടക്കുമ്പോള്‍ സുധാകരൻ എംപിയായിരുന്നില്ല. ഈ പണം കൈമാറ്റവും ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ പരിധിയിലുണ്ട്.

കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു. എന്നാൽ പ്രവാസി സംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്ന് സുധാകരനൊപ്പം ചിത്രത്തിലുളള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ, മുൻമന്ത്രി വി എസ് സുനിൽ കുമാർ തുടങ്ങവർക്കൊപ്പമുളള മോൻസന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോന്‍സന് അടുത്ത ബന്ധങ്ങളുണ്ട്. ഈ അടുപ്പമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് മോൻസൻ മറയാക്കിയത്. ഉന്നത ബന്ധങ്ങള്‍ തനിക്കെതിരായ കേസ് അട്ടിമറിക്കാനും പ്രതി ഉപയോഗിച്ചു. മോൻസൻ മാവുങ്കലിനെതിരെ ബിസിനസ് ഗ്രൂപ്പ് നൽകിയ ആറ് കോടിയുടെ തട്ടിപ്പ് കേസിൽ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചു.

'ടിപ്പു സുൽത്താന്‍റെ സിംഹാസനം, മെയ്ഡ് ഇന്‍ ചേര്‍ത്തല'; കോടികളുടെ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ പിടിയില്‍

പിന്നാലെ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണം മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ട ചേർത്തല സിഐയ്ക്ക് നൽകി ഉത്തരവിറക്കി. എന്നാൽ പണം നഷ്ടമായവരുടെ എതിർപ്പും ഇന്‍റലിജൻസ് റിപ്പോർട്ടും പരിഗണിച്ച് ഈ നീക്കം തടയപ്പെട്ടു. ചേർത്തലയിലെ ഈ സിഐ  മോൻസൻ മാവുങ്കലിന്‍റെ മകളുടെ വിവാഹ നിശ്ചയച്ചടങ്ങിൽ പങ്കെടുക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ക്രൈംബ്രാ‌ഞ്ച് അറസ്റ്റിന് തൊട്ട്  മുൻപായിരുന്നു ഇത്. മുൻ ഡിഐജി എസ് സുരേന്ദ്രന് മോൻസനുമായുള്ള അടുപ്പത്തിന്‍റെ ദൃശ്യങ്ങളും ക്രൈംബ്രാ‌ഞ്ചിന് ലഭിച്ചു. 

ഫോട്ടോയില്‍ കെ സുധാകരന്‍, സിംഹാസനത്തില്‍ ബെഹ്റ,വാളേന്തി എഡിജിപി,പുരാവസ്തു തട്ടിപ്പ് പ്രതിക്ക് ഉന്നത ബന്ധങ്ങള്‍
click me!