
കോട്ടയം: കോട്ടയം വൈക്കത്ത് ആംബുലൻസ് അപകടത്തിൽ ഒരു യുവതി മരിച്ചു. തലയോലപ്പറമ്പ് മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി സനജയാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. വൈക്കം വലിയകവലയ്ക്ക് സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം.
പണിമുടക്കായിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
കോട്ടയത്ത് തന്നെ മറ്റൊരു വാഹനാപകടത്തിൽ ഇന്ന് രണ്ട് പേർ മരിച്ചു. നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. രേഷ്മ , ഷാരോൺ എന്നിവരാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ആണ് അപകടം. ഇതടക്കം സംസ്ഥാനത്ത് ഇന്ന് വിവിധ വാഹനാപകടങ്ങളിൽ ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തൃശൂർ വില്ലടം പുതിയ പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കൽ ദിലീപ്, ചേലക്കര സ്വദേശി കൊട്ടയാട്ടിൽ അഷ്കർ എന്നിവർ മരിച്ചു. മലപ്പുറം പൊന്നാനിയിൽ വാഹനാപകടത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകൻ മരിച്ചു. പ്രാദേശിക ചാനൽ പ്രവർത്തകൻ മുതിരപ്പറമ്പിൽ വിക്രമാദിത്യനാണ് മരിച്ചത്. കാറും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam