'ഉത്തരങ്ങൾ എസ്എംഎസ് ആയി അയച്ചു, ഫോൺ കാണാനില്ല': പൊലീസുകാരൻ ഗോകുലിന്‍റെ മൊഴി

By Web TeamFirst Published Sep 3, 2019, 8:51 PM IST
Highlights

ഉത്തരങ്ങൾ അയക്കാൻ ഉപയോഗിച്ച ഫോൺ നഷ്ടപ്പെട്ടുവെന്നും ഗോകുല്‍ മൊഴിനല്‍കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലാണ് ഗോകുലിനെ ചോദ്യം ചെയ്തത്.

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ റാങ്ക് പട്ടികയിൽ ഇടം നേടിയ മുൻ എസ്എഫ്ഐ നേതാക്കൾക്ക് കോപ്പിയടിക്കാൻ സഹായം നൽകിയെന്ന് സമ്മതിച്ച് പൊലീസുകാരൻ ഗോകുൽ. യൂണിവേഴ്‍സിറ്റി കോളേജില്‍ നിന്ന് ചോർന്ന് കിട്ടിയ ചോദ്യപ്പേപ്പർ പരിശോധിച്ച് എസ്എംഎസുകളായി ഉത്തരം അയച്ചുവെന്നാണ് അഞ്ചാം പ്രതിയായ ഗോകുല്‍ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. 

ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയായ പൊലീസുകാരൻ ഗോകുൽ കുറ്റംസമ്മതിച്ചത്. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പർ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‍സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ഉത്തരങ്ങൾ അയച്ചുകൊടുത്തു എന്നുമാണ് മൊഴി. എന്നാൽ ചോദ്യപേപ്പർ ആരാണ് ചോർത്തി നൽകിയതെന്ന് അറിയില്ലെന്നാണ് ഗോകുലിന്‍റെ മൊഴി. കേസിലെ മറ്റൊരു  പ്രതിയായ സഫീറിനാണ് ചോദ്യപേപ്പർ കിട്ടിയതെന്നാണ് ഗോകുൽ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. 

ഉത്തരങ്ങൾ അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കളഞ്ഞുപോയെന്നും മൊഴി നൽകി. മൂന്ന് ദിവസത്തേക്കാണ് ഗോകുലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങിയത്. അതേസമയം അന്നേ ദിവസം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച്  ചോദ്യം ചെയ്തു.  ക്രമക്കടേ് കണ്ടെത്തിയ പരീക്ഷയുടെ  ചുമതല ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പിഎസ്‍സി സെക്രട്ടറി ക്രൈബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇവരെയും ഉടൻ ചോദ്യം ചെയ്യും.

അതേ സമയം അന്വേഷണത്തിൽ പ്രതികള്‍ക്ക് രക്ഷപ്പെടാൻ പിഎസ്‍സിയുടെ നടപടികള്‍ കാരണമായെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ. ക്രമക്കേട് കണ്ടെത്തിയതും പ്രതികള്‍ ഉപയോഗിച്ച മൊബൈലിന്‍റെ വിശദാംശങ്ങള്‍ പിഎസ്‍സി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ ഒളിവിൽ പോയതും തെളിവുകള്‍ നശിപ്പിക്കപ്പെടാൻ ഇടയായതുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. 
 

click me!