ആലപ്പുഴ: പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ശക്തനെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കരുത്തനായ കെ എം മാണിയോട് വെറും നാലായിരം വോട്ടിനാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാപ്പൻ തോറ്റത്. അത് ചെറിയ കാര്യമല്ല. യുഡിഎഫിലെ പടലപ്പിണക്കം മാണി സി കാപ്പന് ഗുണം ചെയ്യും. യുഡിഎഫിന് മാണിയുടെ പേരിൽ വോട്ട് കിട്ടാൻ പോകുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മകൻ തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ ചെക്ക് കേസിൽ അറസ്റ്റിലായ ശേഷം, അദ്ദേഹത്തിന്‍റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യസഹമന്ത്രി വി മുരളീധരന് കത്ത് നൽകിയിരുന്നു. ഇതിനെല്ലാം ഒടുവിൽ ആദ്യമായി ഉപതെരഞ്ഞെടുപ്പുകളിൽ നിലപാട് വ്യക്തമാക്കുകയാണ് വെള്ളാപ്പള്ളി. അതേസമയം, സമുദായനേതാക്കളെ കണ്ട് പ്രചാരണം തകൃതിയായി കൊണ്ടുപോവുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. ഇന്ന് വൈകിട്ട് എൻഎസ്‍എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ട് ജോസ് ടോം ചർച്ച നടത്തിയിരുന്നു. നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ജോസ് ടോം മാധ്യമങ്ങളോട് പറയുകയും ചെയ്തു.
കെ എം മാണിയുടെ പേരിൽ യുഡിഎഫിന് വോട്ട് കിട്ടില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. കേരളാ കോൺഗ്രസിലെ പടലപ്പിണക്കത്തിനെതിരെയും വെള്ളാപ്പള്ളി ആഞ്ഞടിക്കുന്നു. പാലായിലെ തർക്കത്തിനൊടുവിൽ ജോസ് കെ മാണിയും പി ജെ ജോസഫും ജയിച്ചു, പാലായിലെ ജനം തോറ്റു. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള അധികാരത്തർക്കവും കുടുംബവഴക്കും ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നും തുറന്നടിക്കുന്നു വെള്ളാപ്പള്ളി.
ശബരിമല ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമോ എന്ന ചോദ്യത്തിന് ആകാമെന്നാണ് വെള്ളാപ്പള്ളിയുടെ മറുപടി. ശബരിമല വിഷയം നേരത്തെയും ബിജെപിക്ക് വോട്ട് നേടി കൊടുത്തതാണ്, ഇത്തവണയും അവർക്ക് ഈ വിഷയം ചർച്ചയാക്കാം. മുന്നണികൾക്ക് വിഷയത്തിൽ ഇഷ്ടമുള്ള നിലപാട് സ്വീകരിക്കാമെന്നും വെള്ളാപ്പള്ളിയുടെ കരുതലോടെയുള്ള മറുപടി.
എന്നാൽ ശബരിമലയിൽ നിയമനിർമ്മാണം നടത്തുമെന്ന് പറഞ്ഞവർ എവിടെപ്പോയെന്നാണ് വെള്ളാപ്പള്ളി ചോദിക്കുന്നത്. ശബരിമലയിൽ പാർട്ടിയും മുഖ്യമന്ത്രിയും തമ്മിൽ വ്യത്യസ്ത നിലപാടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. കോടിയേരിയും പിണറായിയും പറയുന്നത് ഒന്ന് തന്നെയാണ്. അവർ തമ്മിൽ വ്യത്യസ്ത നിലപാടില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.
ഞങ്ങളുടെ പ്രതിനിധി കൃഷ്ണമോഹൻ വെള്ളാപ്പള്ളിയുമായി നടത്തിയ അഭിമുഖം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam