
കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴിയുളള സ്വർണക്കടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ മലയാളി പിടിയിൽ. കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. എയർ ഹോസ്റ്റസുമാരെ സ്വർണക്കടത്തിന് നിയോഗിക്കുന്ന മുഖ്യ കണ്ണിയാണ് സുഹൈലെന്നാണ് ഡിആർഐ പറയുന്നത്.
ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ എയർ ഹോസ്റ്റസ് സുരഭി കാത്തൂൺ ഇന്നലെയാണ് പിടിയിലായത്. മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കുളള യാത്രയിൽ മലദ്വാരത്തിലൊളിപ്പിച്ച് കൊൽക്കത്ത സ്വദേശിയായ സുരഭി കടത്തിയത് ഒരു കിലോയോളം സ്വർണമാണ്. ഈ രീതിയിൽ സ്വർണം കടത്തിയതിന് വിമാനക്കമ്പനി ജീവനക്കാർ പിടിയിലാകുന്ന രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് ഡിആര്‍ ഐ ചൂണ്ടിക്കാട്ടി.
സുരഭി പിടിയിലായതോടെ ഡിആർഐ അന്വേഷണം ക്യാബിൻ ക്രൂവിലേക്ക് വ്യാപിപ്പിച്ചു. അങ്ങനെയാണ് മുഖ്യ കണ്ണിയായ സുഹൈൽ പിടിയിലാകുന്നത്. കണ്ണൂർ തില്ലങ്കേരി സ്വദേശിയായ സുഹൈലാണ് എയർ ഹോസ്റ്റസുമാരെ സ്വർണം കടത്താൻ നിയോഗിച്ചിരുന്നത്. പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയാണ് സുഹൈൽ. സുരഭി കാത്തൂൺ വഴി പല തവണ എയർ ഇന്ത്യ എക്സ്പ്രസിലൂടെ സ്വർണം കടത്തി.65 ലക്ഷം വില വരുന്ന സ്വർണമിശ്രിതം കടത്തുമ്പോഴാണ് സുരഭി പിടിയിലാകുന്നത്. ഇവർ റിമാൻഡിലാണ്. ഇരുപത് കിലോയോളം സ്വർണം പല ഘട്ടങ്ങളിലായി കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് കടത്തിയെന്നാണ് ഡിആർഐക്കുളള വിവരം. കണ്ണികളായ കൂടുതൽ പേരിലേക്ക് അന്വേഷണം നീളും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam