സ്വർണ്ണക്കടത്ത് പ്രതികൾക്ക് ദാവൂദ് സംഘവുമായി ബന്ധമെന്നത് ഗുരുതര ആരോപണമെന്ന് വി മുരളീധരൻ

By Web TeamFirst Published Oct 15, 2020, 4:24 PM IST
Highlights

സ്വർണ്ണക്കടത്ത് കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്നലെ എന്‍ഐഎ കോടതി വാദം  കേട്ടിരുന്നു

ദില്ലി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്നത് ഗുരുതര ആരോപണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ആഭ്യന്തരമന്ത്രാലയവും എൻഐഎയും ഉചിതമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎപിഎ ചുമത്തിയത് ശരിയായിരുന്നുവെന്ന് തെളിയുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്നലെ എന്‍ഐഎ കോടതി വാദം  കേട്ടിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ എന്ത് തെളിവുണ്ടെന്നാണ് കോടതി പരിശോധിക്കുന്നത്. കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളുടെ ഡിജിറ്റൽ തെളിവുകൾ  ഇത് വരെ ലഭിച്ചിട്ടില്ലെന്ന് എൻഐഎ അഭിഭാഷകന്‍ പറഞ്ഞു. റമീസ്, ഷറഫുദീൻ എന്നിവർ  താൻസാനിയയിൽ നിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചു, പ്രതികളുടെ താൻസാനിയൻ ബന്ധം അന്വേഷിക്കണം, ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ  ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരൻ ഉണ്ട്, ഇയാൾ താൻസാനിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്, ഈ സാഹചര്യത്തില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായുള്ള ബന്ധം അന്വേഷിക്കണമെന്നും എൻഐഎ പറഞ്ഞു. 

പ്രതികൾ ഒരുമിച്ച് ചേർന്നത് ഒരാളുടെ നിർദ്ദേശത്തെ തുടർന്നാണ്. പ്രതികൾ തോക്കേന്തി നിൽക്കുന്ന ചിത്രങ്ങൾ കിട്ടിയിട്ടുണ്ടെന്ന് എൻഐഎ അഭിഭാഷകൻ വാദിച്ചു. അന്വേഷണം തുടങ്ങി 90 ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും ഭീകര ബന്ധത്തിന് ഒരു തെളിവും കണ്ടെത്താന്‍ എന്‍ഐഎക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചു. ഇപ്പോഴും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ ഭീകര ബന്ധം ആരോപിക്കുന്നതെന്നും പ്രതികള്‍ മറുവാദം ഉന്നയിച്ചിരുന്നു. 

click me!