സ്വര്‍ണക്കടത്ത് കേസ്: ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുന്നു എന്ന് ചെന്നിത്തല

By Web TeamFirst Published Aug 29, 2020, 12:18 PM IST
Highlights

മുഖ്യമന്ത്രിയെ വിമർശിച്ച് വാർത്ത നൽകിയാൽ പരാതി നൽകുമെന്ന നിയമമന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനിൽ നമ്പ്യാരുടെ ഇടപെടൽ ഇതിന് തെളിവാണ്. തട്ടിപ്പിന്‍റെ വിവരങ്ങൾ ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് തെളിയുന്നത്. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണത്തിന്‍റെ കുന്തമുന നീളുകയാണ്. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്‍റെ ഭാവി തന്നെ ഇതോടെ സംശയത്തിലായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു, 

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെ വായടപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. മാധ്യമങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ്. ഇടത് മുന്നണി പ്രതിപക്ഷത്തിരിക്കുമ്പോൾ ഇതായിരുന്നോ നയമെന്ന് ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ വിമർശിച്ച് വാർത്ത നൽകിയാൽ പരാതി നൽകുമെന്ന നിയമമന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. എന്ത് തന്നെ സംഭവിച്ചാലും സര്‍ക്കാരിതിരായ പോരാട്ടവുമായി മുന്നോട്ട് തന്നെ പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കിഫ്ബി വഴി കോടികളാണ് സര്‍ക്കാര്‍ പരസ്യങ്ങൾക്ക് ചെലവിടുന്നത്. പരസ്യം കൊടുത്ത് മാധ്യമങ്ങളെ പ്രലോഭനത്തിൽ വീഴ്ത്താമെന്ന് കരുതേണ്ട. കിഫ് ബി പണം മുഴുവൻ ധൂർത്തടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 

പിഎസ്സി നിയമനം കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാൻ സര്‍ക്കാരിന് കഴിയുന്നില്ല. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് പിഎസ് സി ചെയര്‍മാൻ കാണിക്കുന്നത്. വിമർശനം ചൂണ്ടിക്കാണിച്ചാൽ ജോലി കിട്ടില്ല എന്ന് പറയുന്നത് ഭീഷണിപ്പെടുത്തലാണ്. ഇതിൽ നിന്ന് പിൻമാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

അവിശ്വാസ പ്രമേയ ചര്‍ച്ചയിൽ മുഖ്യമന്ത്രിയുടെ സംസാരം തടസപ്പെടുത്തിയിട്ടില്ല. അത്തരം ആരോപണം ഉന്നയിക്കുന്നത് തന്നെ തെറ്റാണ്. അഴിമതി ആരോപണങ്ങളിൽ മറുപടി പറയാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

click me!