ഇന്‍റര്‍പോൾ അന്വേഷിച്ചാലും എതിര്‍ക്കില്ല; സ്വര്‍ണ്ണക്കടത്ത് കേസിൽ നിലപാടുമായി സിപിഎം

By Web TeamFirst Published Jul 7, 2020, 4:37 PM IST
Highlights

കള്ളക്കടത്തിനു പിന്നിലെ വസ്തുത പുറത്തു കൊണ്ടുവരണം എന്ന് എസ് രാമചന്ദ്രൻ പിള്ള, രാജ്യസുരക്ഷയ്ക്കും സംസ്ഥാനസുരക്ഷയ്ക്കും കള്ളക്കടത്ത് ഭീഷണി

ദില്ലി: സ്വര്‍ണ്ണക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ അന്വേഷണത്തിലും നിലപാട് വ്യക്തമാക്കി സിപിഎം . അന്വേഷണം നടക്കണം. അതിനി അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇന്‍റര്‍പോൾ അന്വേഷിച്ചാലും സിപിഎം എതിര്‍ക്കില്ലെന്നാണ് സിപിഎം നിലപാട്. രാജ്യസുരക്ഷയ്ക്കും സംസ്ഥാനസുരക്ഷയ്ക്കും കള്ളക്കടത്ത് ഭീഷണിയാണ്. അതുകൊണ്ട്  കള്ളക്കടത്തിനു പിന്നിലെ വസ്തുത പുറത്തു കൊണ്ടുവരണം എന്ന് എസ് രാമചന്ദ്രൻ പിള്ള പ്രതികരിച്ചു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണവും ശക്തമായതോടെ കരുതലോടെ പ്രതികരിക്കാനാണ് സിപിഎം ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം സിബിഐ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിൽ അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നാണ് പാര്‍ട്ടി നിലപാട്. എന്ത് അന്വേഷണം വേണമെങ്കിലും നടക്കട്ടെ. ഏത് ഏജൻസിയായലും വിരോധം പറയില്ല. മാത്രമല്ല കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന ആവശ്യം സര്‍ക്കാര്‍ തന്നെ ഉന്നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 

ആരോപണം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം ശിവശങ്കരനെ മാറ്റി. ദീര്‍ഘ അവധിക്ക് അപേക്ഷ നൽകിയത് പരിഗണിച്ച് ഐടി സെക്രട്ടറി പദവിയിൽ നിന്നും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തുണ്ട്. തദ്ദേശ തെര‍ഞ്ഞെടുപ്പും തൊട്ട് പിന്നാലെ നിയമസഭാ തെരഞ്‍ഞെടുപ്പും എല്ലാം വരാനിരിക്കെ ഭരണ തുടര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ട് പോകുന്നതിനിടെയാണ് ആകെ പ്രതിരോധത്തിലാക്കി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആക്ഷേപം വരുന്നത്

click me!