വീണ്ടും തെറിച്ചു, ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ നീക്കി

By Web TeamFirst Published Jul 7, 2020, 4:25 PM IST
Highlights

നേരത്തേ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റിയതിന് പുറമേ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ നീക്കുകയായിരുന്നു. 

തിരുവനന്തപുരം: ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ നീക്കി മുഖ്യമന്ത്രി ഉത്തരവിട്ടു. നേരത്തേ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റിയതിന് പുറമേ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ നീക്കുകയായിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് ആരോപണമുന്നയിക്കപ്പെട്ട സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം കത്തിപ്പടർന്നതിന് പിന്നാലെയാണ് എം ശിവശങ്കറിന്‍റെ സ്ഥാനചലനം. നിലവിൽ ഒരു വർഷത്തെ അവധിയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് എം ശിവശങ്കർ. ഈ അവധി അപേക്ഷ പരിഗണിച്ചാണ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം. 

പുതിയ ഐ ടി സെക്രട്ടറിയായി മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചുവെന്നും ഉത്തരവിലുണ്ട്.

നേരത്തേ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് ശിവശങ്കറിനെ മാറ്റിയതിന് പിന്നാലെ, മിർ മുഹമ്മദ് ഐഎഎസ്സിനെ ആ പദവിയിൽ നിയമിച്ചിരുന്നു. എം ശിവശങ്കറിനെ മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി സംശയത്തിന്‍റെ നിഴലിലാക്കുന്നതായതോടെയാണ്, സംസ്ഥാനത്തിന്‍റെ ഭരണസംവിധാനത്തിന്‍റെ താക്കോൽസ്ഥാനങ്ങളിൽ നിന്ന് എം ശിവശങ്കർ പുറത്താകുന്നത്. നേരത്തേ കേസിൽ അന്വേഷണം വേണമെന്ന് പ്രതികരിച്ചെങ്കിലും കൂടുതൽ ആരോപണങ്ങളുയർന്നതോടെ എം ശിവശങ്കർ മൗനത്തിലായി. പിന്നാലെ അവധിക്ക് അപേക്ഷയും നൽകി. 

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിൽ ആകുന്നത് സംസ്ഥാന ചരിത്രത്തിൽ ഇതാദ്യം. മുഖ്യമന്ത്രിക്ക് കീഴിലെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്നയാണ് അന്താരാഷ്ട്ര ബന്ധമുള്ള സ്വർണ്ണക്കടത്തിലെ മുഖ്യ ആസൂത്രക എന്ന വിവരം രാഷ്ട്രീയകേന്ദ്രങ്ങളിലുണ്ടാക്കിയത് വലിയ ഞെട്ടലും അമ്പരപ്പുമാണ്. ആരോപണമുന തന്നിലേക്ക് തന്നെ തിരിയുന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ തന്‍റെ ഏറ്റവും വലിയ വിശ്വസ്തനായ എം ശിവശങ്കറിനെ കൈവിട്ടത്.

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം തന്നെ ശിവശങ്കറിനെ തള്ളുന്നതായുള്ള എന്ന സൂചന നൽകിയിരുന്നു. കെ ഫോൺ, സ്റ്റാർട്ട് അപ്പ് മിഷൻ, സ്പേസ് പാർക്ക് അടക്കമുള്ള സർക്കാറിന്‍റെ സുപ്രധാനമായ പദ്ധതികളുടെ അമരക്കാരനായ ശിവശങ്കറുമായി പിണറായി പുലർത്തിയത് അടുത്ത ബന്ധമാണ്. സ്പ്രിംക്ളർ വിവാദത്തിൽ കടുത്ത ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയിട്ടും സിപിമ്മിൽ നിന്നും സിപിഐയിൽ നിന്നും എതിരഭിപ്രായങ്ങൾ ഉയർന്നിട്ടും പിണറായി ശിവശങ്കറിനെ ഒപ്പം നിർത്തി. എന്നാൽ സ്വർണ്ണക്കടത്തിൽ ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ട് എന്നതും പ്രതിപക്ഷം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ശക്തമാക്കിയതും ശിവശങ്കറിന്‍റെ സ്ഥാനചലനത്തിന് വേഗമേകി. പാർട്ടി നേതാക്കളുമായി കൂടിയാലോചന നടത്തിയാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്. ശിവശങ്കർ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നാണ് വിവരം. കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്ന വിശദീകരണമാണ് ശിവശങ്കർ നൽകിയതെന്നാണ് സൂചന. 

 

click me!