സ്വർണ്ണക്കടത്ത്: നിർണ്ണായക രേഖകൾ കസ്റ്റംസിന്, പിടിച്ചെടുത്തത് സരിത്തിന്റെ വീട്ടിൽ നിന്ന്

By Web TeamFirst Published Jul 17, 2020, 3:28 PM IST
Highlights

കോൺസുലേറ്റിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കാൻ ഉപയോഗിച്ച ലാപ് ടോപ്പ്, സീൽ നിർമ്മിച്ച മെഷീൽ എന്നിവ കസ്റ്റംസ് പിടിച്ചെടുത്തു. കസ്റ്റംസ് ക്ലിയറൻസിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വ്യക്തമായി

തിരുവനന്തപുരം: വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക തെളിവുകൾ കേസന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് ലഭിച്ചു. കേസിലെ ഒന്നാം പ്രതിയും യുഎഇ കോൺസുലേറ്റ് മുൻ ജീവനക്കാരനുമായ സരിത്തിന്‍റെ വീട്ടില്‍ നിന്നാണ് തെളിവുകൾ കണ്ടെടുത്തത്.

കോൺസുലേറ്റിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കാൻ ഉപയോഗിച്ച ലാപ് ടോപ്പ്, സീൽ നിർമ്മിച്ച മെഷീൽ എന്നിവ കസ്റ്റംസ് പിടിച്ചെടുത്തു. വിദേശ കറൻസിയും പിടികൂടി. കസ്റ്റംസ് ക്ലിയറൻസിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വ്യക്തമായി. സരിത്തിന്റെ സുഹൃത്ത് അഖിലിനോട് കസ്റ്റംസ് സംഘം വിവരങ്ങൾ ചോദിച്ചു.

എൻഐഎ ആവശ്യപ്രകാരം സരിത്തിനെ ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ടു. കസ്റ്റംസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ എൻഐഎ കസ്റ്റഡിയിൽ എൻഐഎ സംഘം അപേക്ഷ നൽകിയിരുന്നു. സരിത്തിന്റെ രണ്ടാമത്തെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.

കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. ഒന്നര വർഷമായി ഒഴിഞ്ഞുകിടക്കുന്ന വീട് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിൽ സീൽ ചെയ്ത് പൂട്ടാനാണ് കസ്റ്റംസ് സംഘം എത്തിയത്. എന്നാൽ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കൽ താക്കോലുണ്ടെന്ന് മനസിലായതോടെയാണ് വീട് തുറന്ന് പരിശോധന ആരംഭിച്ചത്.

കയ്‌പമംഗലം മൂന്ന്പീടികയിലുള്ള വീട്ടിൽ ഇന്ന് ഉച്ചയോടെയാണ് അന്വേഷണ സംഘമെത്തിയത്. ഫൈസലിനെ കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കളോട് അന്വേഷണ സംഘം ചോദിച്ചു. നാടുമായി ഫൈസലിന് കാര്യമായ ബന്ധങ്ങളില്ലെന്നായിരുന്നു ബന്ധുക്കളുടെ മൊഴി. രണ്ട് നില വീടിന്റെ എല്ലാ മുറിയിലും കസ്റ്റംസ് സംഘം കയറി പരിശോധിച്ചു. വീട് സീൽ വെച്ച് പൂട്ടിയ ശേഷം ഫൈസലിനെ നാട്ടിലെത്തിച്ച് പരിശോധന നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.

click me!