'ശിവശങ്കറിന്‍റെ വിദേശബന്ധം അന്വേഷിക്കണം, തുടർച്ചയായി കള്ളം പറയുന്നു', കസ്റ്റംസ് കോടതിയിൽ

By Web TeamFirst Published Dec 3, 2020, 12:49 PM IST
Highlights

ശിവശങ്കറിന്‍റെ രണ്ട് ഫോണുകൾ കൂടി ലഭിച്ചുവെന്ന് കസ്റ്റംസ് കോടതിയിൽ. തനിക്ക് ഒരു ഫോണേയുള്ളൂ എന്നാണ് ശിവശങ്കർ പറ‌ഞ്ഞിരുന്നത്. തുടർച്ചയായി ശിവശങ്കർ കള്ളം പറയുന്നുവെന്നും കസ്റ്റംസ്.

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് കോടതിയിൽ. ചോദ്യം ചെയ്യലിൽ ശിവശങ്കർ സത്യം പറയുന്നില്ല. മിക്ക ചോദ്യങ്ങൾക്കും തുടർച്ചയായി നുണ പറയുകയാണ് ശിവശങ്കർ. തനിക്ക് ഒരു ഫോണേയുള്ളൂ എന്നാണ് ശിവശങ്കർ മൊഴി നൽകിയത്. എന്നാൽ ശിവശങ്കറിന്‍റെ രണ്ട് ഫോണുകൾ കൂടി ഭാര്യ കൈമാറിയിട്ടുണ്ട്. ശിവശങ്കറിന്‍റെ വിദേശബന്ധങ്ങൾ അന്വേഷിക്കേണ്ടതാണെന്നും സാമ്പത്തികകുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് വാദിച്ചു. കള്ളക്കടത്ത് കേസില്‍ ശിവശങ്കറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണെന്നും അന്ന് അസുഖം അഭിനയിച്ച്, ഭാര്യ ഡോക്ടറായ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ സ്വപ്നയുടെയും സരിതിന്‍റെയും  രഹസ്യമൊഴിയെടുക്കല്‍ ഇന്നും കോടതിയില്‍ തുടരുന്നുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ബുധനാഴ്ച വൈകിട്ടും പ്രാഥമിക മൊഴിയെടുത്തിരുന്നു. രഹസ്യമൊഴി നല്‍കണമെന്ന പ്രതികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോടതി നടപടി. നിലവിൽ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ് പ്രതികൾ.

ഈ സാഹചര്യത്തിലാണ് കോടതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി കസ്റ്റംസ് രംഗത്തെത്തുന്നത്. ശിവശങ്കറിന്‍റെ മൂന്ന് ഫോണുകളും ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. ആദ്യം ഒരു ഫോണേയുള്ളൂ എന്നാണ് ശിവശങ്കർ പറഞ്ഞത്. എന്നാൽ ശിവശങ്കറിന്‍റെ ഭാര്യ രണ്ട് ഫോണുകൾ കൂടി കൈമാറി. തുടർച്ചയായി പല ചോദ്യങ്ങൾക്കും ശിവശങ്കർ നുണ പറയുകയാണ്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ അസുഖം അഭിനയിച്ചുവെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. ഭാര്യ ഡോക്ടറായ ആശുപത്രിയിൽ ചികിത്സ തേടി. ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ നിരവധി തവണ പ്രതികളുടെ കൂടെ വിദേശത്ത് പോയിട്ടുണ്ട്. അതിനാൽ ശിവശങ്കറിന്‍റെ വിദേശബന്ധം അന്വേഷിക്കണം. വിദേശത്തും കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

സ്വർണക്കളളക്കടത്തിൽ അറിവും പങ്കാളിത്തവുമുളള വമ്പൻ സ്രാവുകളുടെ പേരുകൾ കണ്ട് ഞെട്ടിയെന്ന് കൊച്ചിയിലെ കസ്റ്റംസ് കോടതി പരാർമശം നടത്തിയതിന് പിന്നാലെയാണ് സരിത്തിന്‍റെയും സ്വപ്നയുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയത്. പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്ക് കൂടി കളളക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയത്. ഇതിന് പിന്നാലെയാണ് കോടതി മുമ്പാകെ രഹസ്യമൊഴി എടുത്തത് എന്നതും പ്രസക്തമാണ്.

എൻഫോഴ്സ്മെന്‍റിന് പിന്നാലെ മുഖ്യമന്ത്രിയുട അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ കസ്റ്റംസും തീരുമാനിച്ചിട്ടുണ്ട്. കോൺസുലേറ്റ് ഉന്നതരുടെ പങ്കാളിത്തമടക്കം സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴിയിൽ ഉണ്ടെന്നാണ് വിവരം. 

click me!