ഫൈസൽ ഫരീദ് സിനിമകൾക്കായി ഹവാല പണമിറക്കിയെന്ന് വിവരം, അന്വേഷണം

By Web TeamFirst Published Jul 20, 2020, 12:51 PM IST
Highlights

അടുത്ത കാലത്ത് ഇറങ്ങിയ ഒരു സൂപ്പർ ഹിറ്റ് സിനിമയടക്കം നാല് സിനിമകൾക്ക് ഫൈസൽ ഫരീദ് ഹവാല പണമിറക്കിയെന്ന സൂചനയാണ് പുറത്തുവരുന്നത്. നേരിട്ടല്ല ഈ സിനിമകൾക്കായി ഫൈസൽ പണം മുടക്കിയിരിക്കുന്നത്. 

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് നാല് മലയാളസിനിമകൾക്കായും ഹവാല പണമിറക്കിയതായി സൂചന. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ഉൾപ്പടെ ഫൈസലും സുഹൃത്തുക്കളും ചേർന്ന് പണമിറക്കിയെന്നാണ് വിവരം. ഈ സിനിമകൾക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. 

ജ്വല്ലറി മേഖലയിൽ മാത്രമല്ല ഫൈസൽ ഫരീദിന് സ്വാധീനമുണ്ടായിരുന്നത് എന്നാണ് സൂചനകൾ പുറത്തുവരുന്നത്. മലയാളസിനിമയിലെ ചില പ്രമുഖരുമായും ഫൈസൽ ബന്ധം പുലർത്തിയിരുന്നു. ഫൈസലുൾപ്പെട്ട കള്ളക്കടത്ത് റാക്കറ്റ് ഇതിന്‍റെ ഭാഗമായാണ് ചില മലയാള സിനിമകളിൽ പണമിറക്കുന്നത്. ഇതൊന്നും നേരിട്ടായിരുന്നില്ല, എല്ലാം ഹവാല പണമായിരുന്നു. 

ഇന്നലെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ എൻഐഎ ആവശ്യപ്പെട്ടാൽ ഏത് സമയവും ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം. സ്വർണക്കടത്ത് കേസിൽ വ്യാജരേഖ ഉണ്ടാക്കൽ, സാധനങ്ങൾ തെറ്റിദ്ധരിപ്പിച്ച് അയക്കൽ, രാജ്യത്തിന്‍റെ യശസ്സിന് കളങ്കം വരുത്തൽ എന്നീ കുറ്റങ്ങൾ യുഎഇ ചുമത്താനാണ് സാധ്യത. ഇയാൾക്കെതിരെ യുഎഇയിൽ നാല് ചെക്ക് കേസുകളുണ്ട്.

താനല്ല എൻഐഎ അന്വേഷിക്കുന്ന ഫൈസൽ ഫരീദെന്ന് വ്യക്തമാക്കി, ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ നാടകവുമായി എത്തിയപ്പോൾ, തനിക്കെതിരെ ചെക്ക് കേസുകളുണ്ടെന്നും, എന്നാൽ ഇത്തരത്തിലുള്ള സ്വർണക്കടത്ത് കേസുമായി ഒരു ബന്ധവുമില്ലെന്നുമാണ് ഫൈസൽ പറഞ്ഞത്. തനിക്ക് സ്വപ്നയെയോ, സന്ദീപിനെയോ, സരിത്തിനെയോ, റമീസിനെയോ, ജലാലിനെയോ അറിയുകയുമില്ലെന്നും ഫൈസൽ പറഞ്ഞു.

എന്നാൽ പിറ്റേന്ന് തന്നെ എഫ്ഐആറിൽ ആദ്യം കൊച്ചി സ്വദേശി എന്ന് എഴുതിയ എൻഐഎ അത് തിരുത്തി, തൃശ്ശൂർ സ്വദേശിയെന്ന് മാറ്റി എഴുതാൻ കോടതിയിൽ അപേക്ഷ നൽകി. ഇയാൾ തന്നെയാണ് പ്രതിയായ ഫൈസൽ ഫരീദെന്ന് വ്യക്തമാക്കുകയും ചെയ്തു. 

കോണ്‍സുലേറ്റിലേക്ക് സാധനങ്ങള്‍ അയക്കാന്‍ അറ്റാഷെ തന്നെ ചുമതലപ്പെടുത്തുന്ന ഒരു കത്ത്, ഫൈസൽ ഫരീദ് ദുബായ് വിമാനത്താവളത്തില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കോൺസുലേറ്റിന്‍റെ മുദ്രയോ ഒപ്പോ ഉണ്ടായിരുന്നില്ല. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് ബാഗ് അയച്ചതെന്നതിൽ എമിറേറ്റ്സ് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ മൊഴിയെടുക്കാനാണ് എൻഐഎയും കസ്റ്റംസും ഒരുങ്ങുന്നത്. 

ഇതിന്‍റെ ആദ്യപടിയായി എമിറേറ്റ്‍സ് വിമാനക്കമ്പനിയുടെ തിരുവനന്തപുരത്തെ എയര്‍പോര്‍ട്ട് മാനേജരുടെ മൊഴിയെടുക്കും. മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത്, സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ സരിത് കൊണ്ട് വന്ന വേബില്ലും അറ്റാഷെയുടെ കത്തും ചട്ടപ്രകാരമുള്ളതല്ലെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നതാണ്. ഈ സാഹചര്യത്തില്‍ ജൂണ്‍ 30-ലെ കടത്ത് പൂര്‍ണമായും വ്യാജരേഖകള്‍ ചമച്ചായിരുന്നുവെന്നാണ് കണ്ടെത്തല്‍.

Read more at: സ്വർണ ബാഗ് അയക്കാൻ എമിറേറ്റ്സ് ജീവനക്കാരുടെ സഹായം? ഫൈസൽ ഫരീദ് നൽകിയ അറ്റാഷെയുടെ കത്തും വ്യാജം 

click me!