Asianet News MalayalamAsianet News Malayalam

സ്വർണ ബാഗ് അയക്കാൻ എമിറേറ്റ്സ് ജീവനക്കാരുടെ സഹായം? ഫൈസൽ ഫരീദ് നൽകിയ അറ്റാഷെയുടെ കത്തും വ്യാജം

ബാഗ് അയക്കാൻ ഫൈസൽ ഫരീദ് ഹാജരാക്കിയ അറ്റാഷെയുടെ കത്ത് വ്യാജമാണ്. കത്തിൽ കോൺസുലേറ്റിന്‍റെ മുദ്രയോ ഒപ്പോ ഇല്ല. ഈ കത്തിന്‍റെ അടിസ്ഥാനത്തിൽ എങ്ങനെ ബാഗ് അയച്ചു എന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ടാകും എമിറേറ്റ്‍സ് ജീവനക്കാരെ ചോദ്യം ചെയ്യുക. 

gold smuggling case emirates staff might have helped the team to send the gold baggage
Author
Kochi, First Published Jul 20, 2020, 9:44 AM IST

കൊച്ചി: സ്വർണം അടങ്ങിയ കള്ളക്കടത്ത് ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ വിമാനത്താവള ജീവനക്കാരും എമിറേറ്റ്സ് ജീവനക്കാരും സഹായിച്ചിരിക്കാമെന്ന് കസ്റ്റംസ് നിഗമനം. തനിക്ക് പകരം ബാഗേജ് അയക്കാൻ അറ്റാഷെ തന്നെ ചുമതലപ്പെടുത്തിയെന്ന് കാണിച്ച് ഫൈസൽ ഫരീദ് ഹാജരാക്കിയ കത്ത് വ്യാജമാണെന്ന് കസ്റ്റംസ് കണ്ടെത്തി. ഈ കത്തിൽ കോൺസുലേറ്റിന്‍റെ മുദ്രയോ അറ്റാഷെയുടെ ഒപ്പോ ഉണ്ടായിരുന്നില്ല. പിന്നെ, എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ബാഗ് കോൺസുലേറ്റ് വിലാസത്തിൽ അയക്കാൻ ഫൈസൽ ഫരീദിന് അനുമതി നൽകിയതെന്ന് കണ്ടെത്താനാണ് എമിറേറ്റ്സ് ജീവനക്കാരുടെ മൊഴിയെടുക്കുന്നതെന്നാണ് കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. 

ആദ്യം എമിറേറ്റ്‍സിന്‍റെ തിരുവനന്തപുരം എയർപോർട്ട് മാനേജറുടെ മൊഴിയെടുക്കുമെന്നാണ് വിവരം. ജൂൺ 30-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കോൺസുലേറ്റിലേക്കുള്ള വിലാസത്തിൽ വന്ന ബാഗേജ് അയക്കാനായി ഫൈസൽ ഫരീദ് ഹാജരാക്കിയ അറ്റാഷെയുടെ കത്തിൽ യുഎഇ കോൺസുലേറ്റിന്‍റെ മുദ്രയോ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍റെ ഒപ്പോ ഇല്ല. അറ്റാഷെ ഇല്ലാത്തപ്പോൾ തന്നെ ബാഗേജ് അയക്കാൻ അദ്ദേഹം ചുമതലപ്പെടുത്തിയെന്ന് കാണിച്ചുകൊണ്ടുള്ള കത്താണ് ഫൈസൽ ഫരീദ് ഹാജരാക്കിയത്. ഇത് യുഎഇ കോൺസുലേറ്റിൽ നിന്നുള്ളതാണെന്നതിന് കൃത്യമായ യാതൊരു മുദ്രയും കത്തിൽ ഇല്ലെന്നിരിക്കേ, എന്ത് അടിസ്ഥാനത്തിലാണ് ഈ ബാഗേജ് അയക്കാൻ ഫൈസൽ ഫരീദിന് അനുമതി നൽകിയത് എന്നാണ് അറിയേണ്ടത്.

എന്നാൽ എല്ലാ കടത്തും വ്യാജ കത്തുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കസ്റ്റംസ് കരുതുന്നില്ല. ചില കള്ളക്കടത്ത് നടന്നത് യഥാർത്ഥ കത്തുകളുടെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു. ഡിപ്ലോമാറ്റിക് ബാഗ് അയക്കാനുള്ള കൂട്ടത്തിൽ ഈ വസ്തുക്കൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കസ്റ്റംസ് കരുതുന്നത്. ഇതിൽ കൃത്യമായ വ്യക്തത വരണമെങ്കിൽ അറ്റാഷെയുടെ മൊഴിയെടുക്കണം. അറ്റാഷെ ദില്ലിയിൽ നിന്ന് ദുബായിലേക്ക് പോവുകയും ചെയ്തു. 

ജൂൺ 30-ന് 30 കിലോ സ്വർണമടങ്ങിയ ബാഗ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതിന് പിറ്റേന്ന് സരിത്ത് ഈ ബാഗ് ശേഖരിക്കാൻ എത്തിയിരുന്നു. അവിടെ വച്ച് സരിത്തും ഒരു കത്ത് ഹാജരാക്കിയിരുന്നു. വരുന്ന ഡിപ്ലോമാറ്റിക് ബാഗ് അറ്റാഷെയ്ക്ക് വേണ്ടി സ്വീകരിക്കാനുള്ള കത്തായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട വേ ബില്ലും സരിത്ത് ഹാജരാക്കിയിരുന്നു. എന്നാൽ ഈ കത്തും വേബില്ലും വ്യാജമായിരുന്നു എന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. 

ആവശ്യമായ ഫോർമാറ്റിലല്ല സരിത്ത് ഹാജരാക്കിയ കത്ത് ഉള്ളത്. ഒപ്പം പ്രോട്ടോക്കോൾ ഓഫീസറുടെ ഒപ്പും ഈ കത്തിൽ ഇല്ല. ഈ സാഹചര്യത്തിൽ ഫൈസൽ ഫരീദ് അയച്ചതും സരിത്ത് സ്വീകരിക്കാൻ എത്തിയതും വ്യാജരേഖകളുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് വ്യക്തമാവുകയാണ്. അയച്ച ഇടത്തോ, ലഭിച്ച ഇടത്തോ ഇതിൽ കൃത്യമായ പരിശോധനയുണ്ടായില്ല എന്നതാണ് കസ്റ്റംസിന് സംശയം ഉണ്ടാക്കുന്ന കാര്യം. വ്യാജ കത്തിന്‍റെ അടിസ്ഥാനത്തിൽ സാധനങ്ങൾ അയക്കാൻ കഴിഞ്ഞത് എങ്ങനെ എന്നതിൽ വിശദമായ അന്വേഷണമുണ്ടാകും. 

ഇത്തരത്തിൽ സാധനങ്ങൾ അയക്കാൻ ഫൈസൽ ഫരീദിനും സ്വീകരിക്കാൻ സരിത്തിനും കഴിഞ്ഞെങ്കിൽ ഇതിന് പിന്നിൽ വിമാനത്താവളജീവനക്കാരുടെയും വിമാനക്കമ്പനി ജീവനക്കാരുടെയും സഹായമുണ്ടാകുമെന്ന് തന്നെയാണ് വിവരം. ഇതിൽ വ്യക്തത വരാനാണ് ചോദ്യം ചെയ്യൽ നടക്കുന്നതും.

Follow Us:
Download App:
  • android
  • ios