കൊച്ചി/ തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കൊച്ചി എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്താനിരിക്കെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചന. പ്രതികളായ സ്വപ്ന സുരേഷും സരിത്തുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്ന് എം ശിവശങ്കർ എൻഐഎയോടും ആവർത്തിച്ച് പറഞ്ഞിരുന്നു. തിരുവനന്തപുരം പേരൂർക്കടയിലെ പൊലീസ് ക്ലബ്ബിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ശിവശങ്കറിന്‍റെ മൊഴി.
ഈ സാഹചര്യത്തിലാണ് കേസിൽ മുൻകൂർ ജാമ്യഹർജി നൽകാനുള്ള നീക്കം എം ശിവശങ്കർ തുടങ്ങിയിരിക്കുന്നത്. കൊച്ചിയിലെ ഒരു മുതിർന്ന അഭിഭാഷകനുമായി മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശിവശങ്കർ സംസാരിച്ചെന്നാണ് സൂചന.
ഇതിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നേരിട്ടെത്തി എൻഐഎ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിൽ വച്ച് ചോദ്യം ചെയ്തിരുന്നു. സ്വപ്നയും സന്ദീപും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വീണ്ടും എം ശിവശങ്കറിനെ ചോദ്യം ചെയ്യുക. എൻഐഎയുടെയും കസ്റ്റംസിന്‍റെയും ആദ്യഘട്ട മൊഴിയെടുക്കൽ പോലെയാകില്ല, കൂടുതൽ മൊഴികളെടുത്ത് അവ തമ്മിൽ ഒത്തുനോക്കിയാകും ശിവശങ്കറിനോടുള്ള ചോദ്യപ്പട്ടികയും തയ്യാറാക്കുക. ഇതിൽ പൊരുത്തക്കേടുകളുണ്ടോ എന്നതടക്കം എൻഐഎ പരിശോധിക്കുന്നുമുണ്ട്.
കഴിഞ്ഞ 12 ദിവസത്തെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ നൽകണമെന്ന് എൻഐഎ ചീഫ് സെക്രട്ടറിയോട് കത്ത് മൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ദൃശ്യങ്ങൾ നൽകാമെന്ന് പൊതുഭരണവകുപ്പിന് കീഴിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്‍റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറി അറിയിച്ചിട്ടുമുണ്ട്. ഇടിമിന്നലിൽ ചില ദൃശ്യങ്ങൾ പോയെന്ന് ആദ്യം പറഞ്ഞെങ്കിലും, അത് ശരിയാക്കിയെന്ന് പിന്നീട് പ്രസ്താവന വന്നു.
ഗൂഡാലോചന 11 ഇടങ്ങളിൽ, പല തവണയായി
അതേസമയം, വിമാനത്താവളം വഴി സ്വർണം കടത്താൻ പ്രതികൾ 11 ഇടങ്ങളിൽ ഒത്തുകൂടി പല തവണയായി പദ്ധതി തയ്യാറാക്കിയെന്ന് എൻഐഎ വെളിപ്പെടുത്തുന്നു. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. പ്രതികൾ ഒത്തുകൂടിയതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചതായും ഇത് പരിശോധിച്ചു വരികയാണെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എൻഐഎ പറയുന്നു.
സ്വർണക്കടത്തിൽ പങ്കാളിത്തമുള്ള മറ്റു പേരുകൾ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ വെളിപ്പെടുത്തി. മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഐഎ വ്യക്തമാക്കി.
ഈ മൊഴികളുടെ അടിസ്ഥാനത്തിലാകും എൻഐഎ ശിവശങ്കറിനെ രണ്ടാമത് ചോദ്യം ചെയ്യുന്നത്. നിലവിൽ സ്വപ്നയും സന്ദീപും സരിത്തുമടക്കം കേസിലെ പ്രധാന പ്രതികളെ എല്ലാം എൻഐഎ കോടതി അടുത്തമാസം 21 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.
കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത കെ ടി റമീസ് രാജ്യ വിരുദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്‍റെ വിവരങ്ങൾ സന്ദീപ് നായർ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നേരായ ദിശയിൽ നടക്കുകയാണെന്നും എൻഐഎ കോടതിയിൽ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam