
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജാമ്യഹർജി നൽകി. ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. നടുവേദനയിൽ വിദഗ്ദ ചികിത്സക്കുവേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രപരിചണവിഭാഗത്തിൽ ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം. ഇന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സയിൽ തീരുമാനമെടുക്കും. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാർ അറിയിക്കുന്നത് അനുസരിച്ചാവും കസ്റ്റംസിൻറെ നീക്കവും.
സ്വപ്ന സുരേഷ് 1,90,000 രൂപ മൂല്യം വരുന്ന അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ കസ്റ്റംസ് ഇന്ന് കൂടുതൽ തെളിവുകൾ കോടതിയ്ക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ്, സരിത് എന്നിവരെ പ്രതികളാക്കി കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിൽ കൊഫെപോസ പ്രകാരം കരുതൽ തടങ്കലിലുള്ള സ്വപ്നയെയും സരിത്തിനെയും ജയിലിലെത്തി അറസ്റ്റ് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാൽ പ്രതികൾക്കെതിരായ തെളിവുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
ആക്സിസ് ബാങ്കിന്‍റെ കരമന ശാഖയിലെ ഒരുഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴി അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് അന്വേഷണം. അനധികൃതമായി ഡോളര്‍ നല്‍കാന്‍ സ്വപ്ന സുരേഷാണ് ആദ്യം സമ്മര്‍ദ്ദം ചെലുത്തിയതെന്നും , വഴങ്ങാത്തതിനെ തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ ശിവശങ്കർ വിളിച്ചതായും മൊഴിയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam