സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കിലാക്കി എൻഐഎ വെളിപ്പെടുത്തൽ

By Web TeamFirst Published Aug 6, 2020, 2:06 PM IST
Highlights

ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന് കേസുമായി ബന്ധപ്പെട്ട് പലവട്ടം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിലെടുക്കുന്ന നിലപാട് ഏറെ ശ്രദ്ധേയമാണ് 

തിരുവനന്തപുരം/ കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ വാദത്തിൽ കുരുങ്ങി സര്‍ക്കാര്‍. സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തെ നിരവധി തവണ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ഇതോടെ കടുത്ത സമ്മർദ്ദത്തിലാകും.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് നിർണായക പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലും യുഎഇ കോൺസുലേറ്റിലും വലിയ ഇടപെടൽ നടത്താനുള്ള ശേഷി അവ‍ർ നേടിയെടുത്തിരുന്നു എന്നുമാണ് എൻഐഎ കോടതിയെ അറിയിച്ചത്.  കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം നടക്കുമ്പോഴായിരുന്നു ഇത്. 

ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന് കേസുമായി ബന്ധപ്പെട്ട് പലവട്ടം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ മുഖ്യമന്ത്രി ഇതോടെ ഇനി എന്ത് പറയുമെന്നതും ശ്രദ്ധേയമാണ്. ദേശീയ അന്വേഷണ ഏജൻസിയുടെ കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി തന്നെ നിലപാടെടുത്ത സാഹചര്യത്തിൽ പ്രതിരോധിക്കാൻ പാർട്ടിയും പാടുപെടും. ഇതിനിടെയാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യം കടുപ്പിക്കുന്നത്. 

പ്രതിപക്ഷം  കേസിന്‍റെ തുടക്കം മുതൽ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ എൻഐഎ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും അധികാരത്തിൽ കടിച്ച് തൂങ്ങാതെ രാജിക്കൊരുങ്ങാൻ മുഖ്യമന്ത്രി തയ്യാറാകണം. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിക്കു വേണ്ടി സമ്മർദ്ദവും സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

click me!