
കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി ആഗസ്റ്റ് പത്ത് മുതൽ സമ്പൂർണ കൊവിഡ് ആശുപത്രിയായി മാറും. കൊവിഡ് രോഗികൾക്ക് മികച്ച നിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിനായാണ് ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രിയാക്കുന്നത്. 322 രോഗികളെ ഒരേ സമയം ഇവിടെ പ്രവേശിപ്പിക്കാനാകുമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
13 ലക്ഷം രൂപ ചെലവ് വരുന്ന മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐ സി യു കിടക്കകൾ, മൾട്ടി പാരാ മോണിറ്റർ,മൊബൈൽ എക്സ്റേ, ഇൻഫ്യൂഷൻ പമ്പ്, എ ബിജി ഇസിജി മെഷീനുകൾ തുടങ്ങി സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി സമ്പൂർണ കൊവിഡ് ആശുപത്രിയായി മാറുന്നത്. സ്ട്രോക്ക് യൂണിറ്റിൽ ഇലക്ട്രോണിക് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന 22 കിടക്കകളിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കും.
22 കിടക്കകളിൽ പത്ത് എണ്ണത്തിൽ വെന്‍റിലേറ്റർ സൗകര്യമുണ്ട്. വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനായി എല്ലാ കിടക്കകൾക്കും ടെലി മെഡിസിൻ സംവിധാനം. നിലവിൽ ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഒ പി വിഭാഗം ജനറൽ ആശുപത്രി നഴ്സിംഗ് കോളജിലേക്കും ഹോമിയോ മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റുക. സമ്പൂർണ കൊവിഡ് ആശുപത്രിയാവുന്നതോടെ 98 ഡോക്ടർമാരുടെയും 300 നഴ്സുമാരുടെയും സേവനം ആവശ്യമുണ്ട്. രോഗികൾ വരുന്നതിനനുസരിച്ച് നാഷണൽ റൂറൽ മിഷൻ വഴി ആരോഗ്യ പ്രവർത്തകരെ താൽക്കാലികമായി നിയമിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam