
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന എൻഐഎ അടുത്തയാഴ്ച തുടങ്ങും. 2019 ജൂലൈ മുതലുളള ഒരു വർഷത്തെ സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ശേഖരിക്കുന്നത്. കളളക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലാകാത്ത ചിലർ സെക്രട്ടേറിയറ്റ് പരിസരത്ത് കഴിഞ്ഞ ഒരു വർഷത്തിനുളളിൽ പല തവണ എത്തിയെന്നാണ് നിഗമനം.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അടക്കം ആരെയെങ്കിലും ഇവർ കണ്ടിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണോയെന്ന് ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തീരുമാനിക്കും. ഇതിനിടെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ഇരു പ്രതികളും കസ്റ്റംസ് കസ്റ്റഡിയിൽ ആയതിനാൽ ഹർജിയില്‍ വാദം കേട്ടശേഷം മാറ്റിവയ്ക്കാനാണ് സാധ്യത. അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പത്തര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഇന്നലെ വിട്ടയച്ചത്. വിമാനത്താവള കളളക്കടത്ത് കേസിൽ ശിവശങ്കറിന് നേരിട്ട് അറിവുണ്ടായിരുന്നില്ല എന്ന നിഗമനത്തിലാണ് നടപടി.
എന്നാൽ തുടർ അന്വേഷണത്തിനിടയിൽ ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും. സ്വപ്നയുമായി സൗഹൃദം ഉണ്ടായിരുന്നുവെന്നും എന്നാല്‍ കള്ളക്കടത്തിനെ കുറിച്ച് അറിയില്ലെന്നുമുള്ള മൊഴിയില്‍ ശിവശങ്കര്‍ ഉറച്ച് നിന്നു. എന്നാൽ ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയെന്ന് പറയാനാകില്ലെന്നാണ് കേന്ദ്ര ഏജൻകൾ പറയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കളളക്കടത്തുമായി ബന്ധപ്പെട്ട ആരെങ്കിലും സെക്രട്ടേറിയറ്റിൽ എത്തിയിരുന്നെന്ന് ബോധ്യപ്പെട്ടാൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam