സ്വപ്നക്ക് നെഞ്ചുവേദന, റമീസിന് വയറ് വേദന; തൃശ്ശൂര്‍ മെഡിക്കൽകോളേജിൽ, റിപ്പോര്‍ട്ട് തേടി ജയിൽ മേധാവി

By Web TeamFirst Published Sep 14, 2020, 11:14 AM IST
Highlights

തൃശൂരിലെ സുരക്ഷ ജയിൽ സൂപ്രണ്ടിനും വനിതാ ജയിൽ സൂപ്രണ്ടിനുമാണ് ജയിൽ മേധാവി നിര്‍ദ്ദേശം നൽകിയത്. ഇരുവരുടേയും ആശുപത്രിവാസം സംബന്ധിച്ച് ആരോപണങ്ങളുയരുന്നതിനിടെയാണ് റിപ്പോര്‍ട്ട് നൽകാൻ ജയിൽ മേധാവിയുടെ നിര്‍ദ്ദേശം. 

തൃശൂര്‍: സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും റമീസിനേയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ രണ്ട് പേരുടെയും ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരിൽ നിന്നും വിവരം തേടി റിപ്പോർട്ട് നൽകാൻ ജയിൽ മേധാവിയുടെ നിര്‍ദ്ദേശം. തൃശൂരിലെ സുരക്ഷ ജയിൽ സൂപ്രണ്ടിനും വനിതാ ജയിൽ സൂപ്രണ്ടിനുമാണ് ജയിൽ മേധാവി നിര്‍ദ്ദേശം നൽകിയത്. ഇരുവരുടേയും ആശുപത്രിവാസം സംബന്ധിച്ച് ആരോപണങ്ങളുയരുന്നതിനിടെയാണ് റിപ്പോര്‍ട്ട് നൽകാൻ ജയിൽ മേധാവിയുടെ നിര്‍ദ്ദേശം. 

നെഞ്ചു വേദനയെ തുടർന്ന് ഇത് രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആറുദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു സ്വപ്ന ആശുപത്രി വിട്ടത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുളള ശാരീരികാസ്വാസ്ത്യമായിരുന്നു സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും ഇ.സി.ജിയിൽ നേരിയ വ്യതിയാനമുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അന്ന് വ്യക്തമാക്കിയിരുന്നു. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇവര്‍ ആശുപത്രിയിൽ നിന്നും മടങ്ങിയത്. 

എന്നാൽ വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടുവെന്ന് പറഞ്ഞാണ് ഇവരെ ഇന്നലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും സ്വപ്നക്കില്ലെന്നാണ്ഡോക്ടര്‍മാരുടെ പ്രതികരണം. ഇന്ന് ചേരുന്ന മെഡിക്കൽ ബോര്‍ഡ് യോഗത്തിന് ശേഷം എപ്പോഴാകും ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്യേണ്ടത് എന്നതിൽ തീരുമാനമായേക്കും. 

ആദ്യതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സ്വപ്ന നിരവധി ഫോൺകോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നതരുമായാണ് ഇവര്‍ ഫോണിൽ സംസാരിച്ചിരുന്നത്. അനിൽ അക്കരെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സ്വപ്നയുടെ ആശുപത്രിവാസവും ഫോൺകോളുകളുമായി ബന്ധപ്പെട്ടുള്ള ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. ഇതിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നേതാക്കളുടെ തീരുമാനം. 

അതേസമയം സ്വപ്നക്ക് പിന്നാലെ റമീസിനേയും ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വയറുവേദനയെ തുടർന്നാണ് റമീസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.  എന്നാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് നിലവിൽ ഡോക്ടര്‍മാരടക്കം വ്യക്തമാക്കുന്നത്.  

click me!