തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും പിടികൂടാൻ സഹായിച്ചത് ഫോൺ കോൾ. സന്ദീപ് സഹോദരനെ വിളിച്ചതാണ് എൻഐഎ സംഘത്തിന് പ്രതികളിലേക്കെത്താൻ നിർണ്ണായക സഹായമായത്.

തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോൾ വന്നിരുന്നു. സന്ദീപാണ് വിളിച്ചത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിർദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎയെയും കേരള പൊലീസിനെയും അറിയിച്ചു. പിന്നീട് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തി. പ്രതികൾ ബെംഗലൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം തന്നെ എൻഐഎ സംഘം ഇരുവരെയും പിടികൂടിയിരുന്നു. ബെംഗളൂരുവിലെ ഹോട്ടലിൽ വച്ചായിരുന്നു അറസ്റ്റ്. ബെംഗളൂരുവിൽ സ്വപ്നയുടെയോ സന്തോഷിന്റെയോ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് ഇരുവരും ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് സംശയം.

പ്രതികൾ എൻഐഎ സംഘത്തോടൊപ്പം ഹോട്ടലിലാണ് ഇപ്പോഴുള്ളത്. കൊച്ചിയിലെ മുതിർന്ന എൻഐഎ ഉദ്യോഗസ്ഥരും ബെംഗളൂരുവിലുണ്ട്. പിടിയിലാകുമ്പോൾ സ്വപ്നയ്ക്ക് ഒപ്പം കുടുംബവും ഉണ്ടായിരുന്നു. 

സന്ദീപിനെ തിരഞ്ഞാണ് എൻഐഎ സംഘം നീങ്ങിയത്. ഇയാൾക്കൊപ്പം സ്വപ്നയെയും പിടികൂടാനായി. കേസിലെ രണ്ട് പ്രധാന പ്രതികളെയും ഒരുമിച്ച് പിടികൂടാനായത് എൻഐഎ സംഘത്തിന് അന്വേഷണത്തിലും കൂടുതൽ സഹായകരമാകും.

കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.

സന്ദീപിനെയും സ്വപ്നയെയും പിടികൂടാൻ വലിയ റാക്കറ്റ് തന്നെ പ്രവർത്തിച്ചുവെന്നാണ് വിവരം. ഇതിൽ ഏറെ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സന്ദീപിന്റെ വീട്ടിൽ ഇപ്പോഴും പരിശോധന തുടരുന്നുണ്ട്. പ്രതികൾ ഈ വർഷം മാത്രം അഞ്ച് പ്രാവശ്യം സ്വർണ്ണം കടത്തിയെന്നാണ് വിവരം. സന്ദീപിന്റെ വീട്ടിൽ ഇപ്പോഴും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് സ്വർണ്ണം കടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ഓവനുകളും മോട്ടോറും കസ്റ്റംസ് സംഘം കണ്ടെത്തി. ഉപേക്ഷിച്ച ഡിപ്ലോമാറ്റിക് ബാഗേജുകളും കണ്ടെത്തി. രണ്ട് പ്രതികളെയും നാളെ വൈകുന്നേരത്തോടെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും.