സ്വർണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്റ് ചെയ്തു, നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

By Web TeamFirst Published Jul 12, 2020, 5:19 PM IST
Highlights

ബെംഗലൂരുവിൽ നിന്നുള്ള യാത്രാമധ്യേ ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിക്കുക. സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും.

പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻഐഎ ഹർജി സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കൊവിഡ് റിസൾട്ട്‌ നെഗറ്റീവ് ആണെങ്കിൽ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാൻ കോടതി നിർദ്ദേശം. കസ്റ്റഡി അപേക്ഷ അപ്പോൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവിൽ നിന്നും പ്രതികളുമായി എൻഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ സ്വപ്‍നയില്‍ നിന്നും സന്ദീപിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. 

കേരള അതിർത്തിയിൽ വടക്കഞ്ചേരിയിൽ വച്ച് വാഹനത്തിന്‍റെ ടയർ പഞ്ചറായതോടെ മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് കൊച്ചിയിലേക്കുള്ള യാത്ര തുടർന്നത്. യാത്രക്കിടെ പ്രധാന ജംങ്ഷനുകളിൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. വാഹനങ്ങൾക്ക് മുന്നിൽ ചാടി വീണ പ്രതിഷേധക്കാരെ നീക്കാൻ പോലീസ് നന്നേ പണിപ്പെട്ടു.

click me!