സ്വര്‍ണ്ണക്കടത്ത്: ഹരിരാജിന്റെ പങ്കിന് ഇതുവരെ തെളിവില്ലെന്ന് കസ്റ്റംസ്

By Web TeamFirst Published Jul 11, 2020, 7:23 AM IST
Highlights

സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരി രാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
 

തിരുവനന്തപുരം: കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരി രാജിന് സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പകല് മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. 

സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരി രാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. അടിയന്തര ബാഗ് ആണെന്നും പിടിച്ചുവെക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നുമായിരുന്നു സന്ദേശം. അതേസമയം, കേസിലെ പ്രധാന പ്രതി സരിതിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നത് ഇന്നും തുടരും. സരിതിനെ ഏഴ് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ കോടതി കഴിഞ്ഞ ദിവസം വിട്ടുകൊടുത്തിരുന്നു.

അതേസമയം, സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗിലല്ലെന്ന് യുഎഇ സ്ഥാനപതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായ കാര്‍ഗോയിലാണ് സ്വര്‍ണം വന്നത്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് അയച്ച കാര്‍ഗോ ആണിതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ എന്ന നിലയ്ക്കായിരുന്നു ഇതെന്നും സ്ഥാനപതി അഹമ്മദ് അല്‍ബന്ന വിശദീകരിച്ചു.

സ്വര്‍ണക്കള്ളകടത്ത് കേസിലെ രാജ്യസുരക്ഷ സംബന്ധിച്ച എന്‍ഐഎഅന്വേഷണം ആരംഭിച്ചു. ഇതുവരെ കസ്റ്റംസ് സ്ഥിരീകരിക്കാത്ത ഫാസില്‍ ഫരീദ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
 

click me!