കൊവിഡ് കാലത്തും സ്വര്‍ണക്കടത്ത്: 20 ദിവസത്തിനുള്ളില്‍ പിടികൂടിയത് 6 കോടിയുടെ സ്വര്‍ണം

By Web TeamFirst Published Jul 9, 2020, 6:39 AM IST
Highlights

കൊവിഡ് കാലമാണ്. വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്നമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണ്. 

കോഴിക്കോട്: കൊവിഡ് ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാട്ടിലേക്ക് തിരിക്കാന്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ കടത്തിയത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം. 20 ദിവസത്തിനിടെ ഇരുപത്തഞ്ച് സ്വര്‍ണ്ണക്കടത്ത് കേസുകളാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പിടികൂടിയത്

കൊവിഡ് കാലമാണ്. വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്നമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണ്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ കേരളത്തിലെ വിമാനത്താവങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ചത് ആറ് കോടിയോളം രൂപയുടെ സ്വര്‍ണ്ണം. 

20 ദിവസത്തിനുള്ളില്‍ പിടികൂടി സ്വര്‍ണ്ണത്തിന്‍റെ കണക്ക് ഇങ്ങനെ -

തിരുവനന്തപുരം വിമാനത്താവളം

17-06-20 287 ഗ്രാം 12 ലക്ഷം രൂപ

കരിപ്പൂര്‍ വിമാനത്താവളം

22-06-20 2203 ഗ്രാം 1.01 കോടി രൂപ
23-06-20 736 ഗ്രാം 33.12 ലക്ഷം രൂപ
29-06-20 440 ഗ്രാം 19.97 ലക്ഷം രൂപ
03-07-20 2200 ഗ്രാം 1.02 കോടി രൂപ
04-07-20 300 ഗ്രം 13.62 ലക്ഷം രൂപ
05-07-20 170 ഗ്രാം 7.74 ലക്ഷം രൂപ
06-07-20 3667 ഗ്രാം 1.68 കോടി രൂപ
07-07-20 797 ഗ്രാം 36.66 ലക്ഷം

കണ്ണൂര്‍ വിമാനത്താവളം

20-06-20 432 ഗ്രാം 20 ലക്ഷം രൂപ
26-06-20 112 ഗ്രാം ആറ് ലക്ഷം രൂപ
30-06-20 990 ഗ്രാം 48 ലക്ഷം രൂപ

കൊച്ചി വിമാനത്താവളം

240 ഗ്രാം 11.04 ലക്ഷം രൂപ

കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഏറ്റവുമധികം സ്വര്‍ണ്ണക്കടത്ത് പിടിച്ചത്. അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണ്ണം. കണ്ണൂര്‍ വിമാനത്താവളത്തില്‍ 74 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ കസ്റ്റംസ് പിടികൂടി. കൊച്ചിയിലാണ് ഏറ്റവും കുറവ്.

ഇസ്തിരിപ്പെട്ടി, ബാറ്ററി, സൈക്കിള്‍ പെഡല്‍ ഷാഫ്റ്റ്, ഫാന്‍ എന്നിവയ്ക്കുള്ളിലെല്ലാം ഉളിപ്പിച്ച് സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നു. അടിവസ്ത്രത്തിലും മലദ്വാരത്തിലും വരെ ഒളിപ്പിച്ച് ഈ കൊവിഡ് കാലത്തും സ്വര്‍ണ്ണമെത്തി. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ മിശ്രിത രൂപത്തിലാക്കിയാണ് പലരുടേയും സ്വര്‍ണ്ണക്കടത്ത്. 

വിമാനത്താവളങ്ങളിലെ മെറ്റല്‍ ഡിറ്റക്ടറില്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണ്ണം കണ്ടെത്താനാവില്ല എന്നതാണ് കാരണം. ശരീര പരിശോധനയിലോ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലോ മാത്രമാണ് ഇത്തരം സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെടുന്നത്.

കസ്റ്റംസ് പിടിച്ച സ്വര്‍ണ്ണത്തിന്‍റെ കണക്ക് മാത്രമാണിത്. ഇതിലും എത്രയോ അധികമാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്ത് സംഘം ഈ കൊവിഡ് കാലത്ത് കടത്തിയ സ്വര്‍ണ്ണത്തിന്‍റെ അളവ്.

click me!