സ്വർണ്ണക്കടത്ത് തുടങ്ങുന്നതിന് മുൻപ് സ്വപ്ന ലോക്കർ തുറന്നു, താക്കോൽ സൂക്ഷിച്ചതും പണം പിൻവലിച്ചതും വേണുഗോപാൽ

By Web TeamFirst Published Aug 16, 2020, 2:17 PM IST
Highlights

എം ശിവശങ്കറാണ് ലോക്കർ തുടങ്ങാൻ സ്വപ്നക്ക്  വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത്. ശിവശങ്കറുടെ സുഹൃത്താണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ

തിരുവനന്തപുരം: വിമാനത്താവള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പേരിൽ ലോക്കറുകൾ  തുറന്നത് 2018 നവംബറിലാണെന്ന് കണ്ടെത്തി. അതേസമയം സ്വർണ്ണ കള്ളക്കടത്ത് ആരംഭിച്ചത് 2019 ജൂലൈ മാസത്തിലാണ്. തന്റെയും കൂടി പേരിൽ തുറന്ന ഈ ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചത് ചാർട്ടേർഡ് അക്കൗണ്ടന്റായ വേണുഗോപാലായിരുന്നു.

എം ശിവശങ്കറാണ് ലോക്കർ തുടങ്ങാൻ സ്വപ്നക്ക്  വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത്. ശിവശങ്കറുടെ സുഹൃത്താണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ. ലോക്കറുകളുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത് അയ്യരാണെന്ന് വ്യക്തമായിട്ടുണ്ട്. അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണ്  ലോക്കര്‍ തുറന്നതെന്നാണ് കരുതുന്നത്.

ഈ ലോക്കർ വേണുഗോപാൽ പല തവണ തുറന്നതായി അന്വേഷണ സംഘത്തിൽ നിന്ന് വിവരം ലഭിച്ചു. പണം സ്വപ്ന നിർദ്ദേശിച്ചവരുടെ പക്കൽ വേണുഗോപാൽ കൊടുത്തുവിടുകയായിരുന്നു. ഇടപാടിലെ വേണുഗോപാലിന്റെ പങ്ക് അന്വേഷണ പരിധിയിൽ ഉണ്ട്. അതേസമയം സ്വപ്നയുടെ ഇടപാടുകളിൽ  പങ്കില്ലെന്നാണ്  വേണുഗോപാലിന്റെ മൊഴി. ശിവശങ്കർ നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും വേണുഗോപാൽ അന്വേഷണ സംഘത്തോട് പറഞ്ഞു.

click me!