സര്‍ക്കാര്‍ തിരിച്ചുപിടിച്ച ഗോള്‍ഫ് ക്ലബ്ബില്‍ പിടിമുറുക്കാന്‍ സ്വകാര്യലോബി; ബാര്‍ സ്ഥാപിക്കാന്‍ നീക്കം

By Web TeamFirst Published Aug 27, 2019, 10:32 AM IST
Highlights

സർക്കാർ ഭൂമിയിൽ ക്ലബ്ബ് ഭാരവാഹികൾ നടത്തിയിരുന്ന ബാർ എക്സൈസ് നേരത്തെ പൂട്ടിയിരുന്നു. 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തിരിച്ചുപിടിച്ച കവടിയാര്‍ ഗോൾഫ് ക്ലബ്ബിൽ ബാർ സ്ഥാപിക്കാൻ വീണ്ടും നീക്കം. ക്ലബ്ബ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. ക്ലബ്ബ് ഗോള്‍ഫ് പരിശീലനത്തിന് വിട്ടുകൊടുക്കാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. 

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്താണ്, സര്‍ക്കാര്‍ ഭൂമിയിലുള്ള കവടിയാറിലെ ഗോള്‍ഫ് ക്ലബ്ബ് കേസ് പറഞ്ഞ് സര്‍ക്കാര്‍ തിരികെപ്പിടിച്ചത്. സുപ്രീംകോടതി വരെ നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് സര്‍ക്കാരിന് ക്ലബ്ബ് ഏറ്റെടുക്കാനായത്. തുടര്‍ന്ന്, അവിടെ പ്രവര്‍ത്തിച്ചിരുന്നു അനധികൃത ബാര്‍ എക്സൈസ് വകുപ്പ് ഇടപെട്ട് പൂട്ടുകയും ചെയ്തു. 

2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഈ സ്ഥലത്ത് ഗോള്‍ഫ് പരിശീലനത്തിന് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനമായി.  സായിക്കാണ് പരിശീലനച്ചുമതല നല്‍കിയത്.  കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ക്ലബ്ബ് ഭാരവാഹികളുമൊക്കെ ഉള്‍പ്പെട്ട ഭരണസമിതിയാണ് ക്ലബ്ബിന്‍റെ ചുമതലകള്‍ അന്നുമുതല്‍ നിര്‍വ്വഹിച്ചുവരുന്നത്. നിലവിലെ ഭരണസമിതിയുടെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കും. പുതിയ ഭരണസമിതി നിലവില്‍ വരുന്നതിനു മുമ്പേ ക്ലബ്ബിന്‍റെ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. പുതിയ ചട്ടപ്രകാരം ക്ലബ്ബ് ഭാരവാഹികള്‍ക്കാണ് കൂടുതല്‍ ഭരണാവകാശം. ഇതിനു പിന്നാലെയാണ് ബാര്‍ ലൈസന്‍സിനു വേണ്ടി ക്ലബ്ബ് സെക്രട്ടറി  പേരൂർക്കട വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരിക്കുന്നത്. 

കവടിയാര്‍ ഗോള്‍ഫ് ക്ലബ്ബ് ഒരു ഹെറിറ്റേജ് ക്ലബ്ബാണെന്നും ഹെറിറ്റേജ് ടൂറിസം വികസനത്തിനായി സര്‍ക്കാരില്‍ നിന്ന് 25 കോടി രൂപ  നല്‍കിയിരുന്നതായും ഭരണസമിതി പ്രസിഡന്‍റ്  ജിജി തോംസണ്‍ പറയുന്നു. ആ നിലയ്ക്ക് ഇവിടേക്ക് ഗോള്‍ഫ് കളിക്കാന്‍ വിദേശികള്‍ എത്തുന്നത് കുറവാണ്. ഇവിടെ ബാര്‍ ഇല്ലാത്തതാണ് കാരണം. ഇത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇതിനെ മറികടക്കാനായാണ് ബാര്‍ തുടങ്ങാന്‍ ആലോചിച്ചത്. ബാര്‍ വിദേശികളെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നും ജിജി തോംസണ്‍ പറയുന്നു.  ക്ലബ്ബ് സെക്രട്ടറി നല്‍കിയ അപേക്ഷയില്‍ ഉടന്‍ മറുപടിനൽകണമെന്ന് കളക്ടറേറ്റിൽ നിന്നും വില്ലേജ് ഓഫീസർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. 

click me!