
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇത് വഴി സാധാരണ ട്രെയിൻ ഗതാഗതം സാധ്യമാകില്ലെന്നാണ് വിവരം. പുതുക്കാട് റയിൽവെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ബോഗികൾ മാറ്റാനുള്ള ശ്രമം തുടരുകയാണ്.
ജനശതാബ്ദി ,വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അപകടം നടന്നതിന് പിന്നാലെ അറിയിച്ചിരുന്നു. മേഖലയിൽ ഒരു വരിയിലൂടെ ഗതാഗതം സാധ്യമാക്കിയിട്ടുണ്ട്. പക്ഷേ വേഗത കുറച്ച് മാത്രമേ ട്രെയിനുകൾക്ക് കടന്ന് പോകാൻ പറ്റൂ. തൃശ്ശൂർ ഭാഗത്തേക്കുള്ള ട്രാക്കിലാണ് നിലവിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിരിക്കുന്നത്.
ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാൽ വളരെ മെല്ലെയാണ് ട്രെയിൻ പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതോടെ ആറ് ട്രെയിനുകൾ റദ്ദാക്കി
വേണാട് എക്സ്പ്രസ്, പാലക്കാട് - തിരുനെൽവേലി എക്സ്പ്രസ് എന്നിവ റദ്ദാക്കി.
എറണാകുളം - ഗുരുവായൂർ, എറണാകുളം - പാലക്കാട്, നിലമ്പൂർ - കോട്ടയം, എറണാകുളം - ഷൊർണ്ണൂർ പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി ഷോർണൂരിൽ യാത്ര അവസാനിപ്പിക്കും.
പല ട്രെയിനുകളും വൈകിയോടുകയുമാണ്.
കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി, ദില്ലി - തിരുവനന്തപുരം കേരള എക്സ്പ്രസ്, ബെംഗളൂരു - എറണാകുളം ഇന്‍റർസിറ്റി, ഏറനാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.