
തൃശൂർ: തൃശൂരിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട 'ഡ്യൂക്ക് പ്രവീൺ' എന്നറിയപ്പെടുന്ന പ്രവീണിനെ (29) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശിയായ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ആഗസ്റ്റ് 4-ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനവലശ്ശേരി സ്വദേശിയായ വിശാഖ് (26) എന്നയാളെ പ്രവീൺ ആക്രമിച്ചതാണ് കേസ്. വിശാഖും സുഹൃത്തും ചേർന്ന് പ്രവീണിന്റെ വീട്ടിലെത്തി മുൻപ് നടന്ന ഒരു വഴക്കിനെക്കുറിച്ച് ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഈ കേസിലെ ഒന്നാം പ്രതിയാണ് പ്രവീൺ. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കാപ്പ നിയമപ്രകാരം നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. 2026 മെയ് 23 മുതൽ രണ്ട് മാസത്തേക്ക് ഇയാളെ തൃശൂർ ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. തുടർന്ന് എല്ലാ ശനിയാഴ്ചയും ഇരിങ്ങാലക്കുട എസ്.എച്ച്.ഒയ്ക്ക് മുൻപിൽ ഹാജരാകണമെന്ന വ്യവസ്ഥ ലംഘിച്ചതിനാലാണ് ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട്, കൊരട്ടി പോലീസ് സ്റ്റേഷനുകളിലായി കൊള്ള, വധശ്രമം, മയക്കുമരുന്ന് വിൽപ്പന, ആയുധ നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളിലായി മൊത്തം 23 ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രവീൺ. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷാജി എം.കെയുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ പ്രദീപ് കെ.ഒ, എസ്.ഐ സൗമ്യ ഇ.യു, ജി.എസ്.ഐ മുഹമ്മദ് റാഷി, സി.പി.ഒമാരായ ഗിരീഷ്, സുനിൽ, സവീഷ്, മിഥുൻ, ലിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam