കുളത്തൂപ്പുഴ വെടിയുണ്ട: സൂചനകള്‍ ലഭിച്ചെന്ന് ഡിജിപി, കേരള പൊലീസിന്റെ ഭീകര വിരുദ്ധ സേന അന്വേഷിക്കും

By Web TeamFirst Published Feb 23, 2020, 12:09 PM IST
Highlights

പ്രാഥമിക അന്വേഷണത്തില്‍ ചില സൂചന ലഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. വിവരങ്ങള്‍ കേന്ദ്രസേനകള്‍ക്ക് കൈമാറിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുന്നു. 

കൊല്ലം: കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറിയുടെ മുദ്രയുള്ള വെടിയുണ്ട ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ ചില സൂചന ലഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. വിവരങ്ങള്‍ കേന്ദ്രസേനകള്‍ക്ക് കൈമാറിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുന്നു. കേസ് എടിഎസ് ഏറ്റെടുക്കും. ദേശീയ അന്വേഷണ ഏജൻസികളെ വിവരങ്ങള്‍ അറിയിച്ചതായും ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. 

അതേ സമയം കുളത്തൂപ്പുഴയില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ എസ്എപി ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകളല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് സ്റ്റോറിൽ നിന്നും നൽകിയ വെടിയുണ്ടയല്ലെന്ന് സീരിയൽ നമ്പറുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതായാണ് സ്ഥിരീകരണം. പാക് സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ എൻഐഎ സംഘം അന്വേഷണത്തിന് എത്തിയേക്കുമെന്നാണ് വിവരം.

കുളത്തൂപ്പുഴയില്‍ കണ്ടെത്തിയത് എസ്എപി ക്യാമ്പിൽ നിന്ന് നഷ്ടപ്പെട്ട വെടിയുണ്ടകളല്ല

ഇതോടൊപ്പം മിലട്ടറി ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്  കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയിൽ ഇന്നും പരിശോധന തുടരുകയാണ്. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. പതിനാല് വെടിയുണ്ടകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊല്ലം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ഇന്നലെ  ഉണ്ടകൾ പരിശോധിച്ചിരുന്നു. കണ്ടെത്തിയത് സർവ്വീസ് റിവോൾവറുകളിൽ ഉപയോഗിക്കുന്ന തിരകൾ അല്ലന്നാണ് പൊലീസ് നിഗമനം. രഹസ്യാന്വേഷണ ഏജൻസികൾ ഇന്നും വെടിയുണ്ടകൾ പരിശോധിക്കുന്നുണ്ട്. 

click me!