കൊല്ലം: കുളത്തൂപ്പുഴയില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ എസ്എപി ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകളല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരണം. പൊലീസ് സ്റ്റോറിൽ നിന്നും നൽകിയ വെടിയുണ്ടയല്ലെന്ന് സീരിയൽ നമ്പറുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതായാണ് സ്ഥിരീകരണം. നേരത്തെ കേരളാപൊലീസിന്‍റെ 12,061  വെടിയുണ്ടകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കുളത്തൂര്‍ പുഴയില്‍ നിന്നും വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉണ്ടകള്‍ കണ്ടെത്തിയത്.  ഇതില്‍ ചിലതില്‍ പാകിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറി എന്നതിന്‍റെ ചുരുക്കെഴുത്തുണ്ട്. വെടിയുണ്ടകൾ പരിശോധിച്ച ഫൊറസിക് സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.

കുളത്തൂപ്പുഴ സംഭവത്തിൽ കേന്ദ്ര ഏജൻസികൾ ഇടപെടുന്നു, മിലിട്ടറി ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു

പാക്ക് സാനിധ്യത്തിന്‍റെ സാധ്യതയുടെ അടിസ്ഥാനത്തില്‍ എൻഐഎ സംഘം അന്വേഷണത്തിന് എത്തിയേക്കുമെന്നാണ് വിവരം. ഇതോടൊപ്പം മിലട്ടറി ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്  കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയിൽ ഇന്നും പരിശോധന തുടരുകയാണ്. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. പതിനാല് വെടിയുണ്ടകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊല്ലം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ഇന്നലെ  ഉണ്ടകൾ പരിശോധിച്ചിരുന്നു. കണ്ടെത്തിയത് സർവ്വീസ് റിവോൾവറുകളിൽ ഉപയോഗിക്കുന്ന തിരകൾ അല്ലന്നാണ് പൊലീസ് നിഗമനം. രഹസ്യ അന്വേഷണ ഏജൻസികൾ ഉൾപ്പടെ ഇന്നും വെടിയുണ്ടകൾ പരിശോധിക്കുന്നുണ്ട്. 

കൊല്ലത്ത് കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ? അന്വേഷണം തീവ്രവാദ വിരുദ്ധ സേനയ്ക്ക്