Latest Videos

പോക്സോ കേസ് പ്രതിക്ക് വേണ്ടി ഹാജരായി; സിഡബ്ല്യുസി ചെയര്‍മാനായിരുന്ന എന്‍ രാജേഷിനെ സര്‍ക്കാര്‍ പുറത്താക്കി

By Web TeamFirst Published Mar 5, 2020, 10:28 PM IST
Highlights

വാളയാർ കേസിലെ മൂന്നാം പ്രതിക്ക് വേണ്ടിയും എൻ രാജേഷ് ഹാജരായിരുന്നു. സംഭവം വിവാദമായതോടെ  സർക്കാരിന് രാജേഷ് രാജിക്കത്ത് സമർപ്പിച്ചിരുന്നു. 
 

പാലക്കാട്: പാലക്കാട് ബാലക്ഷേമ സമിതി അധ്യക്ഷനായിരുന്ന അഡ്വ. എൻ രാജേഷിനെ പുറത്താക്കി. പദവിയിലിരിക്കെ പോക്സോ കേസിലെ പ്രതികൾക്കുവേണ്ടി ഹാജരായ എന്ന മഹിളാ സമഖ്യയുടെ പരാതിയെ തുടർന്നാണ് സാമൂഹ്യനീതി വകുപ്പ് നടപടി. ബാലാവകാശ സംരക്ഷണത്തിനുള്ള കേന്ദ്ര-സംസ്ഥാന സമിതികളിൽ ഒന്നും രാജേഷിനെ ഉൾപ്പെടുത്തരുതെന്നും  സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ ബിജു പ്രഭാകർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

പാലക്കാട് ബാലക്ഷേമ സമിതി അധ്യക്ഷ സ്ഥാനം ഏറ്റ്‌ ദിവസങ്ങൾക്ക് ശേഷം ആണ് മണ്ണാർക്കട്ടെ പോക്സോ കേസിലെ പ്രതികൾക്ക് വേണ്ടി അഡ്വ എൻ രാജേഷ് ഹാജർ ആയത്. നിർഭയ കേന്ദ്രത്തിൽ കഴിയുകയായിരുന്ന കുട്ടിയെ അവിടെനിന്ന് അടിയന്തരമായി മാറ്റണമെന്നും സിഡബ്ല്യുസി യോഗത്തിൽ രാജേഷ് നിലപാടെടുത്തു. ഇതിനെതിരെ  മഹിളാ സമഖ്യ സാമൂഹ്യനീതി വകുപ്പിന് നൽകിയ പരാതിയിലാണ് നടപടി. അതേസമയം വാളയാർ കേസിൽ പ്രതിയായിരുന്ന പ്രദീപിന് വേണ്ടി ഹാജർ ആയതിനെ കുറിച്ച്  പുറത്താക്കിയ ഉത്തരവിൽ പരാമർശം ഇല്ല. വാളയാർ കേസിൽ ഹാജരായത് വിവാദമായതോടെ രാജേഷിനെ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. 

ഇതിനിടെ രാജേഷ് രാജിക്കത്ത് സമർപ്പിച്ചു. ഈസംഭവത്തിലും സാമൂഹ്യനീതി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. കുട്ടികളുടെ സംരക്ഷണം  ഉറപ്പുവരുത്തേണ്ട പദവിയിലുള്ള ആൾ പ്രതികൾക്കുവേണ്ടി ഹാജരാകുന്നത്  ഗൗരവതരം എന്നാണ് സാമൂഹ്യനീതി വകുപ്പ് കണ്ടെത്തൽ. മേലിൽ ഇത്തരം വീഴ്ചകൾ സംഭവിക്കരുത് എന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന ഒരു സമിതിയിലും രാജേഷിനെ അംഗം ആക്കരുത് എന്നും ഉത്തരവിലുണ്ട്.  

click me!