വർക്കല എസ്ആർ മെഡി. കോളേജിലെ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു: കോളേജില്‍ സംഘര്‍ഷം

By Web TeamFirst Published Oct 4, 2019, 5:35 PM IST
Highlights

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ-രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിലെ പ്രത്യേകസംഘം നേരത്തെ കോളേജിലെത്തി പരിശോധന നടത്തിയിരുന്നു. 

തിരുവനന്തപുരം: വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞു വയ്ക്കാന്‍ ആരോഗ്യസര്‍വകലാശാലയുടെ ഗവേണിഗ് കൗണ്‍സില്‍ തീരുമാനിച്ചു. കോളേജില്‍ ഇനി പരീക്ഷാ സെന്‍റര്‍ അനുവദിക്കേണ്ടന്നും കൗണ്‍സിലില്‍ തീരുമാനമായി. അതിനിടെ എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മര്‍ദ്ദിച്ചെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തി. 

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ-രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിലെ പ്രത്യേകസംഘം നേരത്തെ കോളേജിലെത്തി പരിശോധന നടത്തിയിരുന്നു. വിദഗ്ദ്ധ പരിശോധനയില്‍ കോളേജില്‍ ആവശ്യത്തിന് അധ്യാപകരും ജീവനക്കാരുമില്ലെന്നും ക്ലാസുകള്‍ കൃത്യമായി നടക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു.  

ഇന്ന് ചേര്‍ന്ന ആരോഗ്യസര്‍വകലാശാല ഗവേണിംഗ് കൗണ്‍സില്‍ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇനി കോളേജില്‍ പരീക്ഷാ സെന്‍റര്‍ അനുവദിക്കേണ്ടെന്നും വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും ഫലം തടഞ്ഞു വയ്ക്കണമെന്നും തീരുമാനിച്ചിരുന്നു. 

നിലവില്‍ 33 പേര്‍ എഴുതിയ ഒന്നാം വര്‍ഷ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലമാണ് ഇനി വരാനുള്ളത്. ഈ ഫലം തടഞ്ഞുവെന്ന വിവരമറിഞ്ഞ് അതേപ്പറ്റി അന്വേഷിക്കാനെത്തിയ ആര്യ അനില്‍ എന്ന വിദ്യാര്‍ത്ഥിനിയെ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ സുമഗംലി മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് പ്രതിഷേധവുമായി സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികളെ കോളേജ് ജീവനക്കാര്‍ തടയുകയും ഇരുവിഭാഗവും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. 

click me!