
കോഴിക്കോട് : ഭൂപരിധി നിയമം ലംഘിച്ച് പി വി അൻവർ ( PV Anvar mla) എംഎൽഎ ഭൂമി കൈവശംവച്ചെന്ന പരാതിയിൽ റവന്യു വകുപ്പ് നടപടി തുടങ്ങി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കോഴിക്കോട് ലാന്‍റ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ നടപടികൾ ആരംഭിച്ചത്. നടപടി വൈകുന്നതിനെതിരെ പരാതിക്കാരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.
മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയാണ് പി വി അൻവർ എംഎൽഎയും കുടംബവും ഭൂപരിധി ചട്ടം ലംഘിച്ച് ഭൂമി കൈവശം വച്ചെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത്. മലപ്പുറം, കോഴിക്കോട് കലക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പിവി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം അന്‍വറിനെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലാൻഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാന് നിർദ്ദേശവും നല്‍കി. എന്നാൽ ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി വിവരാവകാശ കൂട്ടായ്മ കണ്‍വീനർ കെ വിഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആറു മാസത്തിനകം താമരശേരി ലാൻഡ് ബോര്‍ഡ് ചെയര്‍മാന്‍, താമരശേരി അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ മിച്ച ഭൂമി കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 24ന് കോടതി ഉത്തരവിട്ടു. എട്ടുമാസമായിട്ടും ഈ ഉത്തരവും നടപ്പാക്കാത്തതിനെ തുടര്‍ന്ന് കെ വി ഷാജി ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ജനുവരി നാലിനുള്ളിൽ നടപടിയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പ്രളയം, കൊവിഡ് തെരഞ്ഞെടുപ്പുകൾ എന്നിവ കാരണമുണ്ടായ താമസമാണ് കോടതിയലക്ഷ്യമുണ്ടാകാൻ കാരണമെന്നാണ് ലാന്‍റ് ബോർഡ് ചെയർമാൻ അൻവർ സാദത്ത് പറയുന്നത്. അതേസമയം രേഖകളുമായി കഴിഞ്ഞ ദിവസം ഹാജരാകാൻ ലാന്‍റ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ഉത്തരവിട്ടിട്ടും പി വി അൻവർ എംഎൽഎയോ പ്രതിനിധികളോ ഹാജരായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam