
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ (Hema Committee Report) നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. മെയ് നാലിന് സാംസ്ക്കാരിക മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് യോഗം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ള്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവൻ സംഘടനകളെയും വിളിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായിരുന്നു കമ്മിറ്റി. രണ്ട് വർഷം മുമ്പ് റിപ്പോർട്ട് നൽകിയിട്ടും സാങ്കേതിക കാരണം പറഞ്ഞ് വിശദാംശങ്ങൾ പുറത്ത് വിടാത്ത സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിനിമാ മേഖലയിൽ കൂടുതൽ പീഡനപരാതികൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ യോഗം വിളിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.
നടിയെ ആക്രമിച്ച കേസ്: വൈദികന്‍റെ മൊഴിയെടുക്കും, ദിലീപുമായുള്ള സാമ്പത്തിക ഇടപാട് പരിശോധിക്കും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ (actress assault case) തിരുവനന്തപുരം ലത്തീൻ രൂപതയിലെ വൈദികനായ വിക്ടറിന്‍റെ മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ലബിലേക്കാണ് വിളിച്ച് വരുത്തിയാണ് മൊഴിയെടുക്കല്‍. വൈദികനുമായി ദിലീപിനുളള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് വ്യക്തത തേടുന്നത്. വൈദികനുമായി ദിലീപിനും സംവിധായകൻ ബാലചന്ദ്രകുമാറിനും സൗഹൃദമുണ്ടായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ വൈദികൻ വഴി തന്നോട് പണം ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് പിന്നീട് ആരോപിച്ചിരുന്നു. ദിലീപിന് ജാമ്യം കിട്ടാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടെന്ന ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെപ്പറ്റിയും ഇതിന് തുടർച്ചയായി ക്രൈംബ്രാഞ്ച് പരിശോധിക്കും.