കോഴിക്കോട് കോതിയിൽ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം; ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി പൊലീസും

By Web TeamFirst Published Apr 27, 2022, 2:03 PM IST
Highlights

 മാലിന്യ പ്ലാൻ്റിന് ആയി കണ്ടെത്തിയ സ്ഥലത്ത് അതിര് സ്ഥാപിക്കാൻ ഉദ്യോ​ഗസ്ഥർ എത്തി തുടങ്ങിയപ്പോൾ ആണ് വീണ്ടും പ്രതിഷേധം തുടങ്ങിയത് . സ്ത്രീകൾ ഉൾപ്പെടെ ഉളളവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു

കോഴിക്കോട്: മാലിന്യ പ്ലാന്റിനെതിരെ (waste plant)കോഴിക്കോട് കോതിയിൽ പ്രതിഷേധം(protest). നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി, പ്രതിഷേധം കടുപ്പിച്ചതോടെ ബലം പ്രയോ​ഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തത്.  മാലിന്യ പ്ലാൻ്റിന് ആയി കണ്ടെത്തിയ സ്ഥലത്ത് അതിര് സ്ഥാപിക്കാൻ ഉദ്യോ​ഗസ്ഥർ എത്തി തുടങ്ങിയപ്പോൾ ആണ് വീണ്ടും പ്രതിഷേധം തുടങ്ങിയത് . സ്ത്രീകൾ ഉൾപ്പെടെ ഉളളവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളോട് ചേർന്ന് മലിന ജല പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ ജനം പ്രതിഷേധം തുടങ്ങിയപ്പോൾ തന്നെ അവരെ തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ പദ്ധതി നേരിൽ കാണിച്ചുകൊടുത്താണ് പ്രതിഷേധം നേർപ്പിക്കാൻ കോർപറേഷൻ ശ്രമിച്ചത്

മാലിന്യ പ്ലാന്റുകള്‍ക്കെതിരെ വിവാദം, പ്രദേശവാസികളെ തിരുവനന്തപുരത്തെ പ്ലാൻ്റിലെത്തിച്ച് കോഴിക്കോട് കോർപ്പറേഷൻ
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റുകള്‍ക്കെതിരെയുള്ള  വിവാദങ്ങള്‍ക്കു തടയിടാന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തി കോഴിക്കോട് കോര്‍പ്പറേഷന്‍. കോഴിക്കോട്ട് മനിലജല സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥല വാസികളെ കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു കൊണ്ടുപോയി പ്ലാൻ്റ് കാണിച്ചു കൊടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍മിച്ച മലിന ജല സംസ്‌കരണ പ്ലാന്റും അതിന്റെ പ്രവര്‍ത്തനവുമാണ് കോഴിക്കോട് പ്ലാൻറിന് സമീപവാസികൾക്ക് നേരിട്ടു കാണിച്ചു കൊടുത്തത്. 

മേയറുടെയും കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും നാട്ടുകാരുമുള്‍പ്പെടുന്ന നാല്‍പ്പതംഗ സംഘമാണ് തിരുവനന്തപുരം സന്ദര്‍ശിച്ചത്. ദുര്‍ഗന്ധമോ പരിസര മലിനീകണമോ ഒന്നുമില്ലാതെ മലിനജലം ശുദ്ധീകരിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതാണ് പ്ലാന്റ് എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. പ്ലാന്റിന്റെ പ്രവര്‍ത്തനവും ശുദ്ധീകരണത്തിന്റെ ഓരോ ഘട്ടവും വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അജീഷ് കുമാര്‍  സംഘാംഗങ്ങള്‍ക്ക് കാണിച്ച് വിശദീകരിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി. 
 
അമൃത് പദ്ധതി പ്രകാരം തിരുവനന്തപുരം കോര്‍പ്പറേഷനുവേണ്ടി  കേരള വാട്ടര്‍ അതോറിറ്റി നിര്‍മിച്ചതാണ് ഈ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്. 14 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. നിര്‍മാണ കമ്പനിക്ക് പത്ത് വര്‍ഷത്തെ മെയിന്റനന്‍സ് ചുമതലയുമുണ്ട്. അഞ്ച് ദശലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. എംബിബിആര്‍ (Moving bed biofilm reactor ) ടെക്‌നോളജി പ്രകാരം പ്രവര്‍ത്തിക്കുന്ന പ്ലാന്റ് തീര്‍ത്തും പരിസ്ഥിതി സൗഹൃദമാണ്. ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം മെഡിക്കല്‍ കോളജിലെ ചില്ലര്‍, ഫ്‌ള്ഷിംഗ് ആവശ്യങ്ങള്‍ക്കും ഗാര്‍ഡനിംഗിനും ഉപയോഗിക്കുന്നു. 
 
 മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മലിനജലംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയപ്പോളാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇവിടെ മലനിജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റിന്റെ പത്തു മീറ്റര്‍മാറി വീടുകളാണ്.  നേരത്തെ മലിനജലം കെട്ടി നിന്ന് ദുര്‍ഗന്ധവും കൊതുകു ശല്യവും രൂക്ഷമായിരുന്നു. പ്ലാന്റ് വന്നതോടെ ഇതിനെല്ലാം പരിഹാരമായെന്ന് പരിസരവാസികള്‍ കോഴിക്കോട്ടു നിന്നെത്തിയവര്‍ക്കു മുന്നില്‍ സാക്ഷ്യപ്പെടുത്തി. 

കോഴിക്കോട് കോതിയില്‍ ആറ് ദശലക്ഷം ലിറ്റര്‍ പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റും ആവിക്കല്‍ തോട് എഴു ദശലക്ഷം കപ്പാസിറ്റിയുള്ള പ്ലാന്റും നിര്‍മിക്കാനാണ് അനുമതിയായിട്ടുള്ളത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ടും വകയിരുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ എംബിബിആര്‍ എന്ന നൂതന ടെക്‌നോളജി ഉപയോഗിച്ചു തന്നെയാണ് കോഴിക്കോട്ടെ രണ്ടു പ്ലാന്റുകളും വിഭാവനം ചെയ്തിരിക്കുന്നത്.   എന്നാല്‍ അനാവശ്യ വിവാദമുണ്ടാക്കി പദ്ധതിയെ തടയാനുള്ള ശ്രമങ്ങള്‍ ചിലര്‍ തുടങ്ങി. പ്രതിഷേധങ്ങളും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്ലാന്റ് എത്രത്തോളം പരിസ്ഥിതി സൗഹൃദവും ജനങ്ങള്‍ക്ക് ഉപകാരപ്രദവുമാണ് എന്ന് കോതി, ആവിക്കല്‍ തോട് നിവാസികളെ കാണിച്ചു  ബോധ്യപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ ഭരണസമിതി തീരുമാനിച്ചത്. 

സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിച്ച് മലിനജലത്തില്‍ നിന്നു പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ വികസിത നഗരങ്ങളെല്ലാം ഉര്‍ജ്ജിതമാണ്. മലിനജലം കൊണ്ട് പൊറുതിമുട്ടുന്ന ആവിക്കല്‍ തോട്, കോതി ഉള്‍പ്പെടെയുള്ള നഗരത്തിലെ തീര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതിയാണ് കോര്‍പ്പറേഷന്‍ ആവിഷ്‌ക്കരിച്ചതെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലിന ജലം ദുരിതം വിതയ്ക്കുന്ന നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കാനാവും. എന്നാല്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തി ചിലര്‍ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു. അനുവദിച്ച ആദ്യ പദ്ധതി തന്നെ നടപ്പാക്കാനായില്ലെങ്കില്‍ അമൃത് പദ്ധതിയില്‍ കോഴിക്കോട് കോര്‍പ്പറേഷന് മേലില്‍ ഇടം ലഭിക്കാതെ വരുമെന്നും മേയര്‍ പറഞ്ഞു.

click me!