തോമസ് ചാണ്ടിയുടെ നിയമലംഘനത്തിന് 'കൈസഹായം': മുന്‍ ജില്ലാ കലക്ടര്‍ എന്‍ പത്മകുമാറിന്‍റെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി

By Web TeamFirst Published Mar 9, 2019, 9:28 AM IST
Highlights

നിയമം ലംഘിച്ച് ലേക് പാലസ് റിസോര്‍ട്ടിനുമുന്നില്‍ കൂറ്റന്‍ പാര്‍ക്കിംഗ് പണിയാന്‍ തോമസ് ചാണ്ടിയുടെ കമ്പനിയെ സഹായിച്ച ആലപ്പുഴ മുന്‍ കലക്ടര്‍ എന്‍ പത്മകുമാര്‍ പുറത്തിറക്കിയ വിചിത്ര ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.  

ആലപ്പുഴ: നിയമം ലംഘിച്ച് ലേക് പാലസ് റിസോര്‍ട്ടിനുമുന്നില്‍ കൂറ്റന്‍ പാര്‍ക്കിംഗ് പണിയാന്‍ തോമസ് ചാണ്ടിയുടെ കമ്പനിയെ സഹായിച്ച ആലപ്പുഴ മുന്‍ കലക്ടര്‍ എന്‍ പത്മകുമാര്‍ പുറത്തിറക്കിയ വിചിത്ര ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.  നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് പാര്‍ക്കിംഗ് സ്ഥലം നിര്‍മ്മിക്കാന്‍ 2014 ലാണ് എന്‍ പത്മകുമാര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഉത്തരവിറക്കിയത്. സംഭവം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതോടെയാണ് സര്‍‍ക്കാര്‍ നടപടി. 

തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട ഏഴാമത്തെ വാര്‍ത്തയായിരുന്നു ഇത്. നിയമം ലംഘിച്ചുള്ള റിസോര്‍ട്ടിനുമുന്നിലെ നികത്ത് അനധികൃതമാണെന്ന് വില്ലേജ് ഓഫീസറും ആര്‍ഡിഒയും കണ്ടെത്തി, ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടായില്ല. ഹൈക്കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് അനധികൃത നികത്ത് പൂര്‍വ്വസ്ഥിതിയില്‍ ആക്കേണ്ടതില്ല എന്ന് ജില്ലാ കലക്ടറായിരുന്ന എന്‍ പത്മകുമാര്‍ 2014 നവംബര്‍ 12 ന്  ഉത്തരവിട്ടു. 

ഈ ഉത്തരവോടെയാണ് തോമസ്ചാണ്ടി റിസോര്‍ട്ടിനുമുന്നില്‍ വ്യാപകമായി നികത്തിയെടുത്ത് പാര്‍ക്കിംഗ് ഏരിയയും അപ്രോച്ച് റോഡും ഉണ്ടാക്കിയത്. തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങളന്വേഷിച്ച ജില്ലാ കലക്ടര്‍ ടിവി അനുപമയും എന്‍ പത്മകുമാര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചു എന്ന് കണ്ടെത്തിയിരുന്നു. അനധികൃതമായി നിര്‍മ്മിച്ച പാര്‍ക്കിംഗ് പൊളിച്ച് നീക്കാന്‍ ടിവി അനുപമ ഉത്തരവിടുകയും ചെയ്തു. 

ഉത്തരവിനെതിരെ സ്ഥലമുടമ സര്‍ക്കാരില്‍‍ അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയ സര്‍ക്കാര്‍ എത്രയും വേഗം പാര്‍ക്കിംഗ് സ്ഥലം പൊ ലീസ് സംരക്ഷണയില്‍ പൊളിച്ച് നീക്കണമെന്നും ഉത്തരവിട്ടു. അതിന് പിന്നാലെയാണ് 2014 ലെ പത്മകുമാറിന്‍റെ ഉത്തരവ് സര്‍ക്കാര്‍ പരിശോധിച്ചത്. നെല്‍വയല്‍ നീര്‍‍ത്തട സംരക്ഷണ നിയമത്തില്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് പുറത്തിറക്കിയ ഉത്തരവാണിതെന്ന് സര്‍ക്കാര്‍ കണ്ടെത്തി.  ഇതോടെ ആലപ്പുഴ മുന്‍ കലക്ടര്‍ എന്‍ പത്മകുമാറിന്‍റെ 2014 ലെ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
 

click me!