ഗവ. കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം; വീണ്ടും ഇൻ്റർവ്യൂ നടത്താനുള്ള സർക്കാർ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

Published : Nov 02, 2023, 04:11 PM IST
ഗവ. കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം; വീണ്ടും ഇൻ്റർവ്യൂ നടത്താനുള്ള സർക്കാർ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

Synopsis

ആദ്യഘട്ടത്തിൽ നിയമിക്കപ്പെട്ട പ്രിൻസിപ്പൽമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം വീണ്ടും നടത്താൻ സർക്കാർ തീരുമാനിച്ചത്.

കൊച്ചി: സര്‍ക്കാര്‍ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിനായി വീണ്ടും ഇൻ്റർവ്യൂ നടത്താനുള്ള സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ആദ്യഘട്ടത്തിൽ നിയമിക്കപ്പെട്ട പ്രിൻസിപ്പൽമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം വീണ്ടും നടത്താൻ സർക്കാർ തീരുമാനിച്ചത്. പുതിയ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്താനായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്. പ്രിൻസിപ്പൽ നിയമനത്തിലെ പരാതികൾ പരിശോധിക്കാൻ സർക്കാർ നേരത്തെ അപ്പീൽ കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. 

സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുട‍‍‍‍‍ർന്നായിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്. പ്രിൻസിപ്പൽ നിയമനം അനിശ്ചിതമായി തുടരുന്നതിനിടെയാണ് നിർണ്ണായകമായ വിവരാവകാശ രേഖ പുറത്ത് വന്നത്. 

43 പേരുടെ പട്ടിക ഡിപ്പാർട്ടുമെന്‍റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടന്ന വിവരം പുറത്ത് വരുന്നത്. 43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താതെ അയോഗ്യരായവരെ ഉൾക്കൊള്ളിക്കുന്നതിലേക്ക് നയിച്ച അപ്പീൽ കമ്മിറ്റി രൂപീകരണത്തിന്‍റെ കാരണം ഈ ഇടപെടലായിരുന്നു. ഡിപ്പാർട്ടുമെന്‍റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നൽകുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12നാണ് മന്ത്രി ആർ ബിന്ദു ഫയലിൽ എഴുതിയത്. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശം നൽകി. 

യുജിസി റഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാൻ വ്യവസ്ഥയില്ല. മന്ത്രിയുടെ നിർദേശ പ്രകാരം കോളേജ് വിദ്യാഭ്യാസ ഡയറക്ടർ 2023 ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടർന്നാണ് സർക്കാർ രൂപവത്കരിച്ച അപ്പീൽ കമ്മിറ്റി സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉൾപ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്. 43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താനുള്ള സർക്കാർ നീക്കം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞിരുന്നു. ട്രൈബ്യുണൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയിൽ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്നും വ്യക്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം