നിരോധിച്ചിട്ടും ഫ്ളക്സുകള്‍ വ്യാപകം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

By Web TeamFirst Published Jan 30, 2020, 1:24 PM IST
Highlights

ഫ്ളക്സുകള്‍ വ്യാപകമായിട്ടുണ്ടെന്ന ഹൈക്കോടതി പരാതിപ്പെട്ടപ്പോള്‍ അധികാരം ഇല്ലാതെ എങ്ങനെ നിയമം നടപ്പാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചത്.

കൊച്ചി: നിരോധനത്തിന് ശേഷവും സംസ്ഥാനത്ത് വ്യാപകമായി ഫ്ളെക്സുകൾ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. ഫ്ളക്സ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് വിമര്‍ശിച്ച ഹൈക്കോടതി കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ അതെല്ലാം പിന്‍വലിക്കാന്‍ തയ്യാറാണെന്നും പരിഹസിച്ചു. 

ഫ്ളക്സുകള്‍ വ്യാപകമായിട്ടുണ്ടെന്ന ഹൈക്കോടതി പരാതിപ്പെട്ടപ്പോള്‍ അധികാരം ഇല്ലാതെ എങ്ങനെ നിയമം നടപ്പാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചത്. റോഡ് സേഫ്റ്റി അതോറിറ്റിക്കാണ് നിയമം നടപ്പാക്കാന്‍ കൃത്യമായ അധികാരമുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേസെടുക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.  .

നിയമം ലംഘിക്കുന്നവരെ പിടിക്കാന്‍ വകുപ്പില്ലെന്നാണോ പറയുന്നത്. ഫ്ളക്സ് നിരോധനവുമായി ബന്ധപ്പെട്ട് ഒന്നൊര കൊല്ലത്തിനുള്ളിൽ എത്ര ഉത്തരവുകൾ ആണ് ഇറക്കിയത്. ഫ്ലെക്സ് ബോർഡുകൾക്ക് എതിരെ നടപടി എടുക്കാൻ ശ്രമിക്കുന്ന കോടതിയെ കുറ്റക്കാരായി കാണുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സർക്കാർ ഇറക്കിയ ഉത്തരവുകൾ അധികാരം ഇല്ലാതെ ഇറക്കിയതാണോ? സർക്കാരിന്  നടപ്പാക്കാൻ കഴിയില്ലെങ്കിൽ ഉത്തരവുകൾ പിൻവലിക്കാൻ തയാറാണെന്നും കോടതി പറഞ്ഞു. 

റോഡരികിലും മധ്യത്തിലും ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതിനെതിരെ എന്തു കൊണ്ട് റോഡ് സേഫ്റ്റി അതോറിറ്റി കര്‍ശനമായ നടപടി സ്വീകരിച്ചില്ലെന്നും ഡിജിപിയോട് സര്‍ക്കുലര്‍ ഇറക്കാന്‍ ആവശ്യപ്പെട്ടിട്ട് ഇതുവരെ അതുണ്ടായില്ലെന്നും കോടതി വിമര്‍ശിച്ചു. ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം പോലുമില്ലെങ്കില്‍ പിന്നെന്തിനാണ് ഇവിടെയൊരു ഡിജിപിയെന്നും കോടതി ചോദിച്ചു. 

ലോകത്ത് എവിടെയും സംഭവിക്കാതെ കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. നിക്ഷേപക സംഗമമോ, ടൂറിസം പ്രൊമോഷനോ കൊണ്ട് എന്ത് കാര്യമെന്നും കേരളത്തിലെത്തുന്ന വിദേശികള്‍ ഇതൊക്കെ തന്നെയല്ലേ കാണുന്നതെന്നും കോടതി ചോദിച്ചു.  കോടതിയുടെ മുൻപിൽ നിൽക്കുമ്പോൾ സർക്കാരിന് ആത്മാർത്ഥത വേണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പോരാട്ടത്തിൽ സർക്കാർ ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു. 

റോഡിന്‍റെ മധ്യത്തിലുള്ള മീഡിയനുകളില്‍ ഫ്ളകസ് വയ്ക്കുന്നതിനെതിരേയും രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്.  ലോകത്തൊരിടത്തും നടുറോഡിലെ മീഡിയനുകളില്‍ ഫ്ളക്സ് സ്ഥാപിക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. റോഡിന്റെ നടുക്ക് ഫ്ലെക്സ് വയ്ക്കുന്നവർ അതുമൂലം ഉള്ള അപകടം എന്തുകൊണ്ട് മനസിലാക്കുന്നില്ലെന്ന് ചോദിച്ച കോടതി ഫ്ലെക്സ് സ്ഥാപിക്കുന്നത് തടയാൻ അധികൃതർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഫ്ളക്സുകള്‍ സ്ഥാപിക്കാൻ അധികൃതർ തന്നെ മൗനാനുവാദം നൽകുകയാണെന്നും ഗാന്ധി പ്രതിമയിൽ വരെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്ന അവസ്ഥയാണെന്നും കോടതി വിമര്‍ശിച്ചു. 

click me!