മോദിയും ഗോഡ്‍സേയും ഒരേ ആശയത്തിന്‍റെ വക്താക്കള്‍; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

By Web TeamFirst Published Jan 30, 2020, 12:20 PM IST
Highlights

പാര്‍ട്ടി പതാകയ്ക്ക് പകരം ദേശീയപതാകയുമായി കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ലോംഗ് മാര്‍ച്ച്. ഒപ്പം ചേര്‍ന്ന് ആയിരങ്ങള്‍. 

കല്‍പറ്റ: പൗരത്വ നിയമത്തിനെതിരെ വയനാട് മണ്ഡലത്തില്‍ ലോംഗ് മാര്‍ച്ച് നയിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വദിനത്തിലാണ് കല്‍പറ്റ നഗരത്തിലൂടെ രണ്ട് കീലോമീറ്റര്‍ ദൂരത്തില്‍ രാഹുല്‍ ഗാന്ധി ലോംഗ് മാര്‍ച്ച് നയിച്ചത്. പാര്‍ട്ടി പാതകകള്‍ക്ക് പകരം ദേശീയ പാതകകള്‍ മാത്രമാണ് ലോംഗ് മാര്‍ച്ചില്‍ ഉപയോഗിച്ചത്. 

ലോംഗ് മാര്‍ച്ചിന് ശേഷമുള്ള പൊതുസമ്മേളനത്തില്‍ മോദി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ഗാന്ധിഘാതകനായ ഗോഡ്സേയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരേ ആശയത്തിന്‍റെ വക്താക്കളാണെന്നും എന്നാല്‍ മോദി അതു തുറന്നു പറയുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു. ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാന്‍ പറയാന്‍ ആരാണ് മോദിക്ക് ലൈസന്‍സ് കൊടുത്തത്. അദാനിക്ക് ഇന്ത്യയെ വിറ്റു തുലയ്ക്കുകയാണ് മോദി.

രാജ്യത്തെ തുറുമുഖങ്ങളും വിമാനത്താവളങ്ങളും മോദി അദാനിക്ക് വിറ്റു. ഇനി റെയില്‍വേ വില്‍ക്കാന്‍ പോകുന്നു. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും ഒരോന്നായി മോദി വിറ്റു തീര്‍ക്കുകയാണ്. പാക്കിസ്ഥാൻ പാക്കിസ്ഥാൻ എന്ന് ആക്രോശിച്ചാൽ ഇന്ത്യയിലെ യുവാക്കൾക്ക് ജോലി കിട്ടില്ല. എൻ ആർ സി യും സിഎഎയും രാജ്യത്ത് തൊഴിൽ കൊണ്ടുവരില്ല. ഇന്ത്യയെ നശിപ്പിക്കുക, ഇന്ത്യയെ വില്‍ക്കുക, ഇന്ത്യയെ വിഭജിക്കുക ഇതാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

രാവിലെ പത്ത് മണിയോടെ കല്‍പറ്റ എസ്കെഎംജെ സ്കൂളില്‍ നിന്നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. രണ്ട് കിലോമീറ്റര്‍ നഗരത്തിലൂടെ കടന്നു പോയ മാര്‍ച്ച് ഒടുവില്‍ കല്‍പറ്റ പുതിയ സ്റ്റാന്‍ഡില്‍ അവസാനിച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുസ്‍ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് ഉമറല്ലി ശിഹാബ് തങ്ങള്‍, വയനാട് ഡിസിസി പ്രസിഡന്‍റ ഐസി ബാലകൃഷ്ണന്‍, എപി അനില്‍ കുമാര്‍ എംഎല്‍എ, പിസി വിഷ്ണുനാഥ്  തുടങ്ങിയവര്‍  റാലിയുടെ ഭാഗമായി. ഏതാണ്ട് അരലക്ഷത്തോളം പേര്‍ മാര്‍ച്ചില്‍ അണിചേര്‍ന്നെന്ന് ജില്ലാ യുഡിഎഫ് നേതൃത്വം പറയുന്നു. 
 

click me!