കെഎസ്ആര്‍ടിസി പുനരുജ്ജീവനത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

By Web TeamFirst Published Feb 20, 2021, 7:20 PM IST
Highlights

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കെഎസ്ആർടിസി സർക്കാരിൽ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനാണ് ലക്ഷ്യം. ഇതിനായി കെഎസ്ആർടിസി റീസ്ട്രക്ർ 2.0 നടപ്പിലാക്കാം. 

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിനായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് കെഎസ്ആർടിസിയുടെ നവീകരണത്തിന് ലക്ഷ്യമിട്ടു കൊണ്ടുള്ള പുതിയ പരിഷ്കാര പദ്ധതികൾ പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് വർഷത്തിനകം പരിഷ്കരണ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാരിൻ്റെ ശ്രമം. കെഎസ്ആർടിസിക്ക് സർക്കാരിലുള്ള അമിത ആശ്രയത്വം കുറച്ചു കൊണ്ടു വരികയാണ് പരിഷ്കരണ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിനായി ജീവനക്കാരുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കെഎസ്ആർടിസി സർക്കാരിൽ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനാണ് ലക്ഷ്യം. ഇതിനായി കെഎസ്ആർടിസി റീസ്ട്രക്ർ 2.0 നടപ്പിലാക്കാം. ഇത് സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഉന്നമനത്തിന് അത്യാവശ്യമാണ്. ജീവനക്കാരുടെ പൂർണ സഹകരണം നിലനിർത്തണം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും എല്ലാ ജീവനക്കാർക്കും 1500 രൂപ വീതം അനുവദിച്ച് നൽകിയിട്ടുണ്ട്. പുനസംഘടനയ്ക്ക് ജീവനക്കാരുടെ പൂർണ സഹകരണം പ്രതീക്ഷിക്കുന്നു.

കെഎസ്ആർടിസിയിൽ 1-7-2016 മുതൽ ഒൻപത് ഡിഎ കുടിശിക ഉണ്ട്. ഇതിൽ മൂന്ന് ഡിഎ ​ഗഡു മാർച്ച് മാസം നൽകും. ശമ്പള പരിഷ്കരണം ന്യായമായ വിഷയമാണ്.  മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നൽകാനുള്ള ചർച്ച ആരംഭിക്കും. 2021 ജൂൺ മാസം മുതൽ ശമ്പള പരിഷ്കരണം നൽകും. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ സ്ഥാനക്കയറ്റം നൽകുക പ്രയാസമാണ്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ പത്ത് ശതമാനം സ്ഥാനക്കയറ്റം നൽകും. ആശ്രിത നിയമനത്തിന് അർഹതയുള്ളവരെ നിയമനത്തിന് പരിഗണിക്കും.

സർക്കാർ ഇതുവരെ വായ്പയായി നൽകിയ 3897.13 കോടി രൂപ ഇക്വിറ്റിയായി മാറ്റണമെന്നും 961.71 കോടി രൂപ എഴുതിത്തള്ളാനും തത്വത്തിൽ തീരുമാനിച്ചതാണ്. പിരിച്ചുവിട്ട താത്കാലിക വിഭാഗം ഡ്രൈവർ, കണ്ടക്ടർ എന്നിവരിൽ പത്ത് വർഷത്തിലേറെ സർവീസുള്ളവരെ കെയുആർടിസിയിൽ സ്ഥിരപ്പെടുത്തും. മറ്റുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആർടിസി സ്വിഫ്റ്റിൽ സ്ഥിരപ്പെടുത്തും.

ഭരണ നിർവഹണ ഓഫീസ് ജില്ലയിൽ ഒന്നായി നിജപ്പെടുത്തും. പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന് പെട്രോൾ, ഡീസൽ ഔട്ട്ലെറ്റ് തുറക്കും. മെക്കാനിക്കൽ ജീവനക്കാരെ പുനരധിവസിപ്പിക്കും. ഹോൾട്ടിങ് സ്റ്റേഷനുകളിൽ വൃത്തിയുള്ള വിശ്രമ മുറി അനുവദിക്കും. ജീവനക്കാർക്ക് കൂടുതൽ പ്രൊമോഷൻ സാധ്യത സൃഷ്ടിക്കും. വികാസ് ഭവൻ ഡിപ്പോ നവീകരണവും വാണിജ്യ സമുച്ചയവും ഉണ്ടാക്കും. മൂന്നാറിൽ ടൂറിസം സമുച്ചയം ആരംഭിക്കും.

click me!