കെട്ടിടനിർമ്മാണ രീതി പരിസ്ഥിതി സൗഹൃദമാക്കാൻ സര്‍ക്കാര്‍

By Web TeamFirst Published Aug 24, 2019, 9:14 PM IST
Highlights

തുടർച്ചയായ രണ്ടുവർഷം പ്രളയക്കെടുതി നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് പരിസ്ഥിതി വിഷയങ്ങളിൽ സർക്കാരിന്‍റെ പുനർവിചിന്തനം. കെട്ടിടനിർമ്മാണത്തിന് കോൺക്രീറ്റ് ഒഴിവാക്കുന്നതിന്‍റെ സാധ്യതയാണ് പ്രധാനമായും പരിശോധിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനിർമ്മാണ രീതി പരിസ്ഥിതി സൗഹൃദമാക്കാൻ സർക്കാർ നടപടി തുടങ്ങുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിദഗ്‍ധരുടെ യോഗം ചേരും. കെട്ടിടനിർമ്മാണരീതിയിൽ മാറ്റം വരുത്തണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇതിനായുളള നടപടികൾ വേഗത്തിലാകും. 

തുടർച്ചയായ രണ്ടുവർഷം പ്രളയക്കെടുതി നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് പരിസ്ഥിതി വിഷയങ്ങളിൽ സർക്കാരിന്‍റെ പുനർവിചിന്തനം. കെട്ടിടനിർമ്മാണത്തിന് കോൺക്രീറ്റ് ഒഴിവാക്കുന്നതിന്‍റെ സാധ്യതയാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്രീഫാബ്, സ്റ്റീൽ ഫാബ്രിക്കേഷൻ തുടങ്ങിയ രീതികളാണ് പരീക്ഷിക്കാനൊരുങ്ങുന്നത്. പുനര്‍നിര്‍മ്മാണത്തിന് പ്രീഫാബ് പലയിടത്തും ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു. 

മുൻകൂട്ടി തയ്യാറാക്കിയ പാളികൾ നിർമ്മാണസ്ഥലത്ത് എത്തിച്ച് കൂട്ടിയോജിപ്പിക്കുന്ന രീതിയാണിത്. കുറഞ്ഞ  ചെലവു വരുന്ന ഇത്തരം കെട്ടിടങ്ങൾ വേഗത്തിൽ നിർമ്മിക്കാനുമാകും. പ്രകൃതിദുരന്തങ്ങൾ, തീപിടിത്തം എന്നിവ അതിജീവിക്കുന്ന ഇവ വേണമെങ്കിൽ പൊളിച്ചുമാറ്റി മറ്റൊരിടത്ത് പുനർനിർമിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.

ഗ്ലാസ് നാരുകളാല്‍ ബന്ധപ്പെടുത്തിയ ജിപ്‍സം ഉപയോഗിക്കുന്ന ജിഎഫ്ആര്‍ജി മാതൃകയും കേരളത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. ഹരിപ്പാട് കെഎസ്ഇബി ഓഫീസിന്‍റെ നിര്‍മ്മാണം ഈ സാങ്കേതികവിദ്യയിലാണ്. ആദ്യഘട്ടത്തിൽ സർക്കാരിന്‍റെ നിർമ്മാണങ്ങളിൽ ഈ രീതികൾ പരീക്ഷിക്കും. സിപിഎമ്മിന്‍റെ കെട്ടിടങ്ങളും ഈ രീതിയിലേക്ക് മാറ്റണമെന്ന് പാർട്ടിയിലും ആവശ്യമുയർന്നു കഴിഞ്ഞു. ഖനനവും മണലൂറ്റും കർശനമായി നിയന്ത്രിക്കുന്നതും സർക്കാരിന്‍റെ പരിഗണനയിലുണ്ട്. 
 

click me!