കൊവിഡ്: ആരോ​ഗ്യപ്രവർത്തകരുടെ ഹോട്ടൽ വാടക നൽകാനാവില്ലെന്ന് സർക്കാർ; നിലപാട് നിയമയുദ്ധത്തിലേക്കോ?

By Web TeamFirst Published May 9, 2020, 3:01 PM IST
Highlights

പ്രതിഫലം നൽകില്ലെന്ന സർക്കാരിന്റെ നിലപാട് നിയമയുദ്ധത്തിലേക്ക് നീങ്ങാനിടയുണ്ട്. ദുരന്തനിവാരണനിയമത്തിൽ പ്രതിഫലം നൽകാൻ വ്യവസ്ഥയുണ്ട് എന്നതാണ് കാരണം. എന്നാൽ പ്രതിഫലക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഡോക്ടർമാർ താമസിക്കുന്ന ഹോട്ടലുകൾക്കടക്കം ഒരു സ്ഥാപനത്തിനും വാടകയിനത്തിൽ പ്രതിഫലം നൽകില്ലെന്ന് സർക്കാർ. ക്വാറന്റയിനായി ഏറ്റെടുത്ത സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. കണ്ണൂരിൽ കൊവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടർമാരെ താമസിപ്പിച്ച ഹോട്ടലുകൾ റും വാടകയ്ക്കായി സമീപിച്ചപ്പോഴാണ് സർക്കാർ പ്രതിഫലമുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. 9 ലക്ഷത്തോളം രൂപയാണ് ഒന്നരമാസത്തോളമായി ആരോഗ്യപ്രവർത്തകർ താമസിക്കുന്നതിന്റെ ഭാഗമായുള്ള വാടകക്കുടിശ്ശിക.

ഹോട്ടൽ ദുരന്തനിവാരണനിയമപ്രകാരം ഏറ്റെടുത്തതാണെന്നാണ് ജില്ലാ ഭരണകൂടം നൽകിയ മറുപടി. അത് കൊണ്ട് പ്രതിഫലം നൽകില്ലെന്നാണ്  മറുപടിയിൽ പറയുന്നത്. ഹോട്ടലിലെ ജീവനക്കാരുടെ ശമ്പളം, വൈദ്യുതിചാർജ്ജ് എന്നിവയും നാമമാത്രമായ ലാഭവും കണക്കാക്കിയാണ് ബിൽ നൽകിയതെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ഏറ്റവും ചുരുങ്ങിയത് വെള്ളം വൈദ്യുതി, ചാർജുകളിലെങ്കിലും ഇളവു നൽകണമെന്നാണ് അവരുടെ ആവശ്യം.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇത്തരത്തിൽ ഇരുപത്തിയഞ്ചോളം ഹോട്ടലുകളിൽ ആരോഗ്യപ്രവർത്തകർക്ക് താമസസൌകര്യമുണ്ട്. ബില്ല് നൽകിയ ഉടമകൾക്കൊക്കെ സമാനമായ മറുപടിയാണ് കിട്ടിയത്. പരസ്യപ്രതികരണത്തിന് പലരും തയ്യാറല്ല. ഇതിന് പുറമെ ക്വാറന്റൈയിൻ കേന്ദ്രങ്ങൾക്കായും നൂറോളം ഹോട്ടലുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടൂതൽ പ്രവാസികളെത്തുന്നതോടെ അവിടെ കൊവിഡ് കെയർ കേന്ദ്രങ്ങളാക്കും.

പ്രതിഫലം നൽകില്ലെന്ന സർക്കാരിന്റെ നിലപാട് നിയമയുദ്ധത്തിലേക്ക് നീങ്ങാനിടയുണ്ട്. ദുരന്തനിവാരണനിയമത്തിൽ പ്രതിഫലം നൽകാൻ വ്യവസ്ഥയുണ്ട് എന്നതാണ് കാരണം. എന്നാൽ പ്രതിഫലക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. നഷ്ടപരിഹാരപാക്കേജ് സർക്കാർ പിന്നീട് തീരുമാനിക്കും. ഇപ്പോളതിനുള്ള സമയമില്ലെന്നാണ് വിശദീകരണം.

click me!