
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങൾ വർധിക്കുന്നത് ഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പേവിഷ ബാധക്കെതിരായ സാർവത്രിക പ്രതിരോധ കുത്തിവെപ്പ് (പ്രീ-എക്സ്പോഷർ പ്രോഫൈലാക്സിസ് -PrEP ) പ്രോഗ്രാം ആരംഭിക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പദ്ധതി രൂപകൽപ്പന ചെയ്യാൻ വിദഗ്ധരുടെ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും ആദ്യഘട്ടമായി സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും സാർവത്രിക പ്രതിരോധ കുത്തിവെപ്പ് നൽകണമെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ സുനിൽ, ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ് എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അത് 100 ശതമാനം മരണകാരണമാവും. ഓരോ വർഷവും ലോകത്ത് ഏകദേശം 59,000 ജീവനുകൾ പേവിഷബാധ മൂലം അപഹരിക്കപ്പെടുന്നു. ഈ മരണങ്ങളിൽ 18,000 മുതൽ 20,000 വരെ ഇന്ത്യയിലാണ് സംഭവിക്കുന്നത്. അതിൽ 38 മുതൽ 40 ശതമാനം വരെ കുട്ടികളാണ്. കേരളത്തിൽ പേവിഷബാധ മരണങ്ങൾ പ്രതിവർഷം 20 മുതൽ 25 വരെയായി ആയി കുറഞ്ഞിട്ടുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമായ ഒരു പ്രതിരോധ മാതൃക ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നത്.
പേ വിഷബാധ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടന മൂന്ന് ഡോസുകളുള്ള PrEP ഷെഡ്യൂൾ (0, 7, 21/28 ദിവസങ്ങളിൽ) ശുപാർശ ചെയ്തിട്ടുണ്ട്. PrEP വാക്സിൻ സ്വീകരിച്ച വ്യക്തികൾക്ക് ഭാവിയിൽ പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പ് എടുക്കേണ്ട സാഹചര്യം വന്നാൽ വന്നാൽ രണ്ട് ബൂസ്റ്റർ ഡോസുകൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. അതോടൊപ്പം ചെലവേറിയതും ചിലപ്പോഴെങ്കിലും ദുർലഭവുമായ റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാനും സാധിക്കും. ഈ സാഹചര്യത്തിൽ ക്യാമ്പയിനിന്റെ ആദ്യഘട്ടം എന്ന നിലയിൽ കുട്ടികളിൽ വാക്സിനേഷൻ പ്രോഗ്രാം ആരംഭിക്കാനാണ് കെജിഎംഒഎയുടെ ശുപാർശ.
നായ്ക്കളുടെ കടിയേൽക്കുന്നവരിൽ 35 ശതമാനത്തിലധികം കുട്ടികളാണ്. കുട്ടികൾ കടിയേറ്റ വിവരം അറിയിക്കാനോ ശരിയായ രീതിയിൽ മുറിവ് കൃത്യമായി പരിചരിക്കാനോ സാധ്യത കുറവാണ്. അതോടൊപ്പം കുട്ടികളിൽ അപകട സാധ്യത കൂടുതലുള്ള രീതിയിൽ മുഖത്തും കൈകളിലും കടിയേറ്റാനുള്ള സാധ്യത കൂടുതലുമാണ് . ഈ സാഹചര്യത്തിൽ കുട്ടികളിലെ വാക്സിനേഷൻ അതീവ പ്രാധാന്യമർഹിക്കുന്നു. തുടർന്ന് ആരോഗ്യ പ്രവർത്തകർ, വെറ്ററിനറി ഉദ്യോഗസ്ഥർ, വന്യജീവി പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, എന്നിവരുൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള മറ്റ് വിഭാഗങ്ങളിലേക്ക് PrEP വ്യാപിപ്പിക്കണമെന്നുമാണ് ആവശ്യം.
തെരുവുനായശല്യം നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം കൃത്യ സമയത്തുള്ള വാക്സിൻ, നായകൾക്കുള്ള വാക്സിനേഷൻ, നിരന്തരമായ പൊതുജന അവബോധം തുടങ്ങിയവ ഫലപ്രദമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും, നിലവിലുള്ള പേവിഷബാധ നിയന്ത്രണ നടപടികളുമായി സാർവത്രിക വാക്സിനേഷൻ കൂടി സംയോജിപ്പിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീ-എക്സ്പോഷർ റാബിസ് വാക്സിനേഷൻ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിൽ ഉൾപ്പെടുത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തണമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. 2030 ഓടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണ്ണമായി ഒഴിവാക്കുക എന്ന ആഗോള ലക്ഷ്യത്തിന് വളരെ മുമ്പ് തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പ് നടത്താൻ സംസ്ഥാനത്തിന് ഇതിലൂടെ കഴിയുമെന്നും ഡോക്ടർമാരുടെ സംഘടന അഭിപ്രായപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം