പ്രളയ ബാധിത സഹായം സിപിഎം നേതാവിന്‍റെ അക്കൗണ്ടിൽ; ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Published : Feb 25, 2020, 09:42 AM ISTUpdated : Feb 25, 2020, 11:26 AM IST
പ്രളയ ബാധിത സഹായം സിപിഎം നേതാവിന്‍റെ അക്കൗണ്ടിൽ; ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Synopsis

എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളിൽ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയം​ഗം എം എം അൻവറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്.

കൊച്ചി: പ്രളയ ദുരിതാശ്വാസത്തില്‍ ക്രമക്കേട് നടത്തിയ എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കളക്ടറേറ്റിലെ ദുരിതാശ്വാസ സെല്ലിന്‍റെ ചുമതല വഹിച്ചിരുന്ന ക്ലാർക്ക് വിഷ്ണു പ്രസാദിനെ ആണ് സസ്പെന്‍റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിനും ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. 2018 ലെ  പ്രളയ ബാധിത‌ർക്കുള്ള സഹായം സിപിഎം നേതാവിന്‍റെ അക്കൗണ്ടിലെത്തിയ സംഭവത്തിലാണ് നടപടി.

എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളിൽ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയം​ഗം എം എം അൻവറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. ജനുവരി 24നാണ് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ അവസാന ​ഗഡു എത്തിയത്. ആകെ കിട്ടിയത് 10, 54,000 രൂപയിൽ നിന്ന് അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ജില്ലാ കളക്ട‌ർ പണം തിരിച്ചുപിടിച്ചെങ്കിലും ക്രമക്കേടിൽ ഇതുവരെ അന്വേഷണം ഉണ്ടായില്ല. 

പ്രളയം പോയിട്ട് നല്ല മഴപോലും കൃത്യമായി കിട്ടാത്ത നിലംപതിഞ്ഞ മുകളിൽ എങ്ങനെയാണ് അൻവറിന് പ്രളയ ധനസാഹയം കിട്ടുന്നതെന്ന് സംശയം തോന്നിയ സഹകരണ ബാങ്ക് ജില്ലാ കളക്ടടറെ കണ്ടു. കാര്യം തിരക്കിയപ്പോൾ പത്ത് ലക്ഷത്തിയമ്പതിനായിരം രൂപയും അനധികൃതമായി അനുവദിച്ചതാണെന്ന് ബോധ്യമായി. ഇതോടെയാണ് പണം അടിയന്തരമായി തിരിച്ചുപിടിക്കാൻ ബാങ്കിന് നി‍ദ്ദേശം നൽകിയത്. തൃക്കാക്കര ഈസ്റ്റ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് പ്രളയ സഹായം അനധികൃതമായി കൈപ്പറ്റിയ അൻവർ. പ്രളയ സഹായത്തിന് താൻ അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അൻവർ പാർട്ടിക്ക് നൽകിയ വിശദീകരണം. 

എന്നാൽ ഒന്നുമറിയാത്ത അൻവ‍ർ എങ്ങനെ അഞ്ച് ലക്ഷം രൂപ പിൻവലിച്ചെന്നത് ദുരൂഹമാണ്. പ്രളയത്തിൽ വീട് പൂർണ്ണമായും തക‌ർന്നവ‌ർക്ക് പോലും നാല് ലക്ഷം രൂപ പരമാവധി അനുവദിക്കാൻ മാത്രം നിർദ്ദേശമുള്ളപ്പോഴാണ് പത്തര ലക്ഷം രൂപ സിപിഎം നേതാവിന്‍റെ അക്കൗണ്ടിൽ എത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിനെയും മുഖ്യമന്ത്രിയെയും സമീപിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം