നെടുങ്കണ്ടം കസ്റ്റഡിമരണം; രാജ്‍കുമാറിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി, 16 ലക്ഷം രൂപ ധനസഹായം നല്‍കും

By Web TeamFirst Published Jul 17, 2019, 11:40 AM IST
Highlights

രാജ്‍കുമാറിന്‍റെ ഭാര്യക്ക് ജോലി നല്‍കും. രാജ്‍കുമാറിന്‍റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
 

തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്‍കുമാറിന്‍റെ ഭാര്യക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്‍കുമാറിന്‍റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

രാജ്‍കുമാറിന്‍റെ കുടുംബത്തിലെ നാല് പേര്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തികത്തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് ഇടുക്കി കോലാഹലമേട് സ്വദേശിയായ രാജ്‍കുമാര്‍ മരിച്ചത്. പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്നാണ് രാജ്‍കുമാര്‍ മരിച്ചതെന്ന ആരോപണം വലിയ വിവാദങ്ങള്‍ക്കും വഴിവച്ചു. 

അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തുകയും നെടുങ്കണ്ടം എസ്ഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇടുക്കി  മുന്‍ എസ്പി കെ ബി വേണുഗോപാലിനെതിരെയും സംഭവത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ചിന് പുറമേ ജുഡീഷ്യല്‍ കമ്മീഷനും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.


  


 

click me!