
കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം നിർത്തിയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിക്കും ഭൂമി ഏറ്റെടുക്കലിനും കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഡിപിആറിന് അംഗീകാരം ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്‍റെ വിവിധ വകുപ്പുകൾ വിഷയത്തിൽ വ്യത്യസ്ഥ നിലപാടാണ് സ്വീകരിക്കുന്നത്. സിൽവർ ലൈനിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഡിപിആറിന് അംഗീകാരം ലഭിക്കാതെ ഭൂമി ഏറ്റെടുക്കലുമായി എങ്ങനെ മുന്നോട്ട് പോകുമെന്ന് കോടതി ചോദിച്ചു.
സിൽവർ ലൈനിനെതിരെ പ്രതിഷേധിച്ചവരുടെ പേരിലെടുത്ത ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ അറിയിക്കാനും കോടതി നിർദേശിച്ചു. ഹർജിയിൽ അടുത്ത മാസം കോടതി വിശദമായ വാദം കേൾക്കും. അതേസമയം സംസ്ഥാനത്തിന്‍റെ അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പദ്ധതി സംസ്ഥാനത്തിന്‍റെ വികസനത്തിന് ഏറെ ആവശ്യമുള്ളതാണെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടി നൽകിയത്. സിൽവർ ലൈൻ സമരക്കാരുടെ പേരിലുളള കേസുകൾ പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സിൽവർ ലൈനിന് കല്ലിട്ട സ്ഥലത്തിന് ബാങ്ക് വായ്‌പ നിഷേധിച്ചു; വിദേശ പഠനം മുടങ്ങി അൻവിന്‍
സില്‍വര്‍ ലൈൻ പദ്ധതിക്ക് കുറ്റിയടിച്ച സ്ഥലത്തിന് ബാങ്ക് വായ്പ്പ നിഷേധിക്കപെട്ടതോടെ എറണാകുളം നടുവന്നൂരിലെ അൻവിന്‍റെ വിദേശ പഠനമെന്ന ആഗ്രഹം മുടങ്ങി. കാനഡയിലെ പഠനത്തിന് പണം കണ്ടെത്താൻ സമീപിച്ച മൂന്ന് ബാങ്കുകളും കെ റെയില്‍ കുറ്റിയുടെ പേരിലാണ് അൻവിന് വായ്പ നിഷേധിച്ചത്.
സില്‍വര്‍ ലൈൻ പദ്ധതിക്ക് കുറ്റിയടിച്ച ശേഷം സാമ്പത്തിക അത്യാവശ്യത്തിന് ബാങ്ക് വായ്പയെടുക്കാൻ ശ്രമിക്കുന്ന എല്ലാവരുടേയും ഗതികേടാണിത്. കെ റെയില്‍ കുറ്റിയടിച്ച ഭൂമിയുടെ ഈടില്‍ വായ്പ്പ നല്‍കാനാവില്ലെന്നാണ് എസ്ബിഐ നിലപാട്. ജപ്തി ചെയ്യാവുന്ന ഭൂമിയുടെ ഈടില്‍ മാത്രമേ വായ്പ അനുവദിക്കാവൂ എന്നാണ് ബാങ്ക് വ്യവസ്ഥയെന്നും എസ്ബിഐ നെടുമ്പാശ്ശേരി ശാഖാ മാനേജര്‍ വിശദീകരിച്ചു.
കോട്ടയം മാടപ്പളളിയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയതിന്‍റെ പേരില്‍ വീട്ടമ്മയുടെ പുരയിടത്തില്‍ കൃഷിയിറക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി നേരത്തെ ഉയര്‍ന്നിരുന്നു. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പരുക്കേറ്റ റോസ്‌ലിൻ ഫിലിപ്പ് എന്ന വീട്ടമ്മയുടെ പുരയിടത്തില്‍ കൈതച്ചക്ക കൃഷി തടയാന്‍ നാട്ടുകാരില്‍ ചിലര്‍ ആസൂത്രിതമായി എതിര്‍പ്പുന്നയിച്ചെന്നാണ് ആരോപണം.
മാടപ്പളളിയിലെ കെ റെയില്‍ വിരുദ്ധ സമരത്തിന്‍റെ മുഖമാണ് റോസ്ലിൻ ഫിലിപ്പ്. സമരത്തിനിടെ റോസ്ലിനെ പൊലീസ് വലിച്ചിഴച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് സമരത്തിന്‍റെ നേതൃനിരയില്‍ റോസ്ലിൻ ഉണ്ടായിരുന്നു. മാടപ്പളളിയിലെ സമര വേദിയില്‍ നിന്ന് ഏതാണ്ട് ഒരു കിലോ മീറ്റര്‍ ദൂരം അകലെയാണ് റോസ്ലിന്റെ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുളള ഭൂമി. ഒരേക്കറോളം വിസ്തീര്‍ണമുളള ഭൂമിയില്‍ കൈതച്ചക്ക കൃഷി നടത്താനുളള നീക്കമാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. കൈത തൈകള്‍ നട്ടെങ്കിലും നാട്ടുകാര്‍ പരാതിപ്പെട്ടതോടെ നട്ട തൈകള്‍ മുഴുവന്‍ പിഴുതു മാറ്റേണ്ടി വന്നു. കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പ്രദേശത്തെ സര്‍ക്കാര്‍ അനുകൂലികളായ ചിലര്‍ ബോധപൂര്‍വം തന്‍റെ പുരയിടത്തില്‍ കൃഷിയിറക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് റോസ്ലിന്റെ ആരോപണം.
പ്രശ്നത്തില്‍ പൊലീസും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാലാണ് കൈതകൃഷി തടഞ്ഞതെന്ന റോസ്ലിന്റെ ആരോപണം ശരിവയ്ക്കാന്‍ ഇരുവകുപ്പിലെയും ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. കൈതച്ചക്ക കൃഷി നടക്കുന്ന പല സ്ഥലങ്ങളിലും നാട്ടുകാരുടെ എതിര്‍പ്പ് സ്വാഭാവികമാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനിയെ കുറിച്ചടക്കം നാട്ടുകാര്‍ക്കുളള ആശങ്കയാണ് മിക്കയിടത്തും എതിര്‍പ്പിന് കാരണമാകാറുളളതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam