സർക്കാർ അറിയുന്നുണ്ടോ? പ്രളയശേഷം ഈ മുഹമ്മദിനും കാസിമിനും കയറിക്കിടക്കാൻ വീടില്ല

By Web TeamFirst Published Jun 20, 2019, 11:29 AM IST
Highlights

കൈവശമുള്ള ഭൂമിയിൽ വീട് വയ്ക്കാൻ മുഹമ്മദിനെയും കാസിമിനെയും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. എന്നാൽ ഇരുവര്‍ക്കും പകരം സ്ഥലും പണവും നൽകുന്നുമില്ല. ഇതോടെ കാസിമും കുടുംബവും ഉപജീവനമാര്‍ഗ്ഗമായിരുന്ന ഹോട്ടൽ പൂട്ടി അവിടെ താമസമാക്കി. "കരകയറാതെ നവകേരളം" പരമ്പര തുടരുന്നു. 

കോഴിക്കോട്: നിസാര കാരണം പറഞ്ഞ് പ്രളയബാധിതരില്‍ പലര്‍ക്കും സര്‍ക്കാര്‍ സഹായം നിഷേധിക്കുന്നതായി പരാതി. പഴുതടച്ച് പ്രളയ സഹായ വിതരണത്തിന് പദ്ധതി തയ്യാറാക്കിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും നീതി നിഷേധത്തിന്‍റെ നേര്‍ക്കാഴ്ച കാണണമെങ്കിൽ കോഴിക്കോട് കണ്ണപ്പൻകുണ്ടിലെത്തണം. പ്രളയത്തിൽ തകര്‍ന്ന 13 വീടിൽ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായത് മൂന്ന് വീടുകൾ മാത്രമാണ്. 

ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ട കണ്ണപ്പൻകുണ്ട് സ്വദേശി മുഹമ്മദിന്‍റെ പേരിൽ മറ്റൊരു ഭൂമിയുണ്ടെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ സഹായം നിഷേധിച്ചത്. സ്വന്തം പേരിൽ ഭൂമിയില്ലെന്ന് പറഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം ആയതുമില്ല.

പ്രളയം വന്നപ്പോൾ വീടും വീട്ടുപകരണങ്ങളും പാടെ ഒഴികിപ്പോയ മുഹമ്മദിനും കുടുംബത്തിനും  അന്തിയുറങ്ങാൻ ഇപ്പോൾ ആശ്രയമാകുന്നത് ബന്ധുവീടുകളാണ്.

 

ഉള്ള സ്ഥലത്ത് വച്ച വീട് പ്രളയമെടുത്തു. ആ സ്ഥലത്ത് വീണ്ടും വീട് വക്കാൻ അധികൃതര്‍ സമ്മതിക്കുന്നില്ല, ഇതാണ് കണ്ണപ്പൻകുണ്ടിലെ തന്നെ കളത്തിൽ കാസിമിന്‍റെ അവസ്ഥ. വീടിന്‍റെ പണി ഇത് വരെ തുടങ്ങാൻ പോലും കാസിമിന് കഴിഞ്ഞിട്ടില്ല. ഉപജീവന മാര്‍ഗ്ഗമായിരുന്ന ഹോട്ടലിനെ വീടായി മാറ്റേണ്ട അവസ്ഥയിലാണ് കാസിമും കുടുംബവും ഇപ്പോൾ. 

പ്രളയസഹായമെത്തിക്കുന്നതിൽ പരിമിതികൾ പലതും ഉണ്ടായിട്ടുണ്ടെന്ന് പുതുപ്പാടി പഞ്ചാത്ത് പ്രസിഡന്‍റ് പി ആര്‍ രാഗഷും സമ്മതിക്കുന്നു. സര്‍ക്കാര്‍ ഇതര സംഘടനകളെ കൂടി കൂട്ട് പിടിച്ച് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള പെടാപാടിലാണ് പഞ്ചായത്ത്. 

click me!