പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

By Web TeamFirst Published Jul 21, 2022, 11:39 AM IST
Highlights

സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്.  ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.  
 

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനായി കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്.  ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല.  സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സി ബി എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്‍റി അലോട്ട്മെന്‍റില്‍ അവസരമൊരുക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി 12 മണിക്ക് ഹൈക്കോടതി പരിഗണിക്കും.

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന്  (Plus one admission) അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇനിയും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാത്തത് സി ബി എസ് ഇ വിദ്യാർത്ഥികൾ ആശങ്കയിലാക്കുന്നു. പ്രവേശന തീയതി നീട്ടണമെന്ന ആവശ്യവുമായി  വിദ്യാർഥികൾ കോടതിയിലെത്തുകയായിരുന്നു.  

Read Also: ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍; തൊഴിലധിഷ്ഠിത കോഴ്സുമായി ബിഎസ്എന്‍എല്‍; യോ​ഗ്യത പത്താം ക്ലാസ്

നേരത്തെ ഹർജി പരിഗണിച്ച കോടതി അപേക്ഷ നൽകാനുള്ള സമയപരിധി ഇന്ന് വരെ നീട്ടാനായിരുന്നു നിർദ്ദേശിച്ചത്. കോടതി നിലപാട് അനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് നല്‍കുന്ന വിശദീകരണം.  

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതിയാണ് ഇന്ന്. ഉച്ചയ്ക്ക് ഒരുമണിവരെ തീയതി ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Read Also; പത്താം ക്ലാസ് പാസ്സായോ? ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം നേടാം

സിബിഎസ്ഇ പരീക്ഷാ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജൂൺ 15 നാണ് പരീക്ഷകൾ അവസാനിച്ചത്. സാധാരണ നിലയിൽ 45 ദിവസമാണ് ഫലപ്രഖ്യാപനത്തിന് എടുക്കുന്നതെന്നും ഫലപ്രഖ്യാപിക്കുന്നതിന് കാലതാമസം വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരീക്ഷാ ഫലം വൈകുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും പരീക്ഷാ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. 

സിബിഎസ്ഇ പരീക്ഷാ ഫലം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു. കേന്ദ്ര സിലബസിൽ പഠിക്കുന്ന കുട്ടികളെന്ന വേർതിരിവ് ഇല്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രതക്കുറവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

click me!