
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ട്. 11 ജില്ലകളിൽ നിന്നായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റെയിൽവേ ബോർഡിൽ നിന്ന് പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് അനുസരിച്ചാവും ഭൂമി ഏറ്റെടുക്കൽ.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നാവും ഭൂമി ഏറ്റെടുക്കുക. ഇതിനായി ഏഴ് തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്‌പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസും മേല്‍പ്പറഞ്ഞ ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍.എ) ഓഫീസുകളും രൂപീകരിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് താത്ക്കാലികമായാണ് നിയമനം.
മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റല്‍ റി-സര്‍വ്വെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. 807.98 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. നാല് ഘട്ടമായി പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തിന് 339.438 കോടി രൂപ റി-ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കി. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ 1550 വില്ലേജുകളിലെ ഡിജിറ്റല്‍ റി-സര്‍വ്വേ പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റവന്യൂ, സര്‍വ്വെ, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളിലെ ഭൂരേഖ സേവനങ്ങളുടെ ഏകീകരണം ഇതിലൂടെ സാധ്യമാകും. ഡിജിറ്റല്‍ ഭൂരേഖ ഭൂപട സംവിധാനങ്ങളുടെ സുശക്തമായ ചട്ടക്കൂട് രൂപപ്പെടുത്താന്‍ ആവശ്യമായ തരത്തില്‍ ഐ.ടി. സംവിധാനങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുക എന്നതും ഇതിന്റെ ഭാഗമാണ്.
ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കുന്നതിന് ധനകാര്യവകുപ്പില്‍ അനോമിലി റെക്ടിഫിക്കേഷന്‍ സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷക്കാലത്തേക്ക് ജോയിന്റ് സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍, മൂന്ന് അസിസ്റ്റന്റ് തസ്തികകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.
കെ.എം.എം.എല്ലിലെ ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) തസ്തിക പുനരുജ്ജീവിപ്പിച്ച് നിയമനം നടത്താന്‍ തീരുമാനിച്ചു.
2018 ലെ കാലവര്‍ഷക്കെടുതി, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലം കൃഷിനാശം സംഭവിച്ചും, കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കടബാധ്യതകള്‍ ഉണ്ടായതിനെ തുടര്‍ന്നും ആത്മഹത്യ ചെയ്ത ജി. രാമകൃഷ്ണന്‍, വി.ഡി. ദിനേശ്കുമാര്‍, എങ്കിട്ടന്‍, എം.എം. രാമദാസ് എന്നിവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ഇവരുടെ പേരിലുള്ള ബാങ്ക് വായ്പയുടെ പലിശ ഒഴിവാക്കി നല്‍കാന്‍ അതാത് ബാങ്കുകളോട് ശുപാര്‍ശ നല്‍കാനും തീരുമാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam