സർക്കാരിന്‍റെ പ്രചാരണ പ്രവർത്തനം നടത്തുന്ന പരസ്യ കമ്പനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം അംഗീകരിച്ച് ഉത്തരവ്

By Web TeamFirst Published Mar 2, 2021, 2:34 PM IST
Highlights

പക്ഷെ ജനുവരിയിൽ തന്നെ കമ്പനിയെ തെരഞ്ഞെടുക്കുകയും അവർ പ്രവർത്തനം തുടങ്ങുകയും ചെയ്തതാണെന്ന് പിആർഡ‍ി ഡയറക്ടർ ഹരികിഷോ‍ർ പറഞ്ഞു. ഒരു വർഷത്തെക്കാണ് ടെണ്ടർ, അതിനുള്ള സർക്കാർ ഉത്തരവ് നടപടിക്രമം പൂർത്തിയാക്കി ഇറക്കുക മാത്രമാണ് ചെയ്തതും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സർക്കാരിന്‍റെ പ്രചാരണ പ്രവർത്തനം നടത്തുന്ന പരസ്യ കമ്പനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം അംഗീകരിച്ച് ഉത്തരവ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസമാണ് കണ്‍സെപ്റ്റ് കമ്മ്യൂണിക്കേഷൻ എന്ന കമ്പനിക്ക് പണം അനുവദിച്ചത്. പരസ്യ കമ്പനിക്ക് പുറമേ സി-ഡിറ്റിനും നവമാധ്യമ പ്രചാരണത്തിന് സർക്കാർ‍ പണം അനുവദിച്ചു. പെരുമാറ്റ ചട്ടം നിലനിലനിൽക്കേ സർക്കാർ പ്രചരണങ്ങള്‍ക്ക്
പണം അനുവദിച്ചത് വിവാദമായിട്ടുണ്ട്.

കേരള സർക്കാരിൻ്റെ പ്രവർത്തനങ്ങള്‍ രാജ്യമാകമാനം പ്രചരിപ്പിക്കുന്നതിനായി പിആർ ഏജൻസിയെ കണ്ടെത്താൻ ടെണ്ടർ വിളിച്ചിരുന്നു. ആദ്യം ചുരുക്കം ചില കമ്പനികളാണ് പങ്കെടുത്ത്. വീണ്ടും ടെണ്ടർ ചെയ്തതിൽ നിന്നാണ് കണ്‍സപ്റ്റ് കമ്മ്യൂണിക്കേഷൻ എന്ന ഏജൻസിയെ തെരഞ്ഞെടുത്തത്. 1,51,23,000 രൂപയാണ് കമ്പനി പ്രതിഫലം ആവശ്യപ്പെട്ടത്. ഈ പണം പിആർ കമ്പനിക്ക് നൽകാനാണ് കഴിഞ്ഞ മാസം 26ന് അതായത് പെരുമാറ്റ ചട്ടം നിവലിൽ വന്ന ദിവസം ഉത്തരവിറങ്ങിയിരിക്കുന്നത്. 

സർക്കാർ പ്രവർത്തനങ്ങള്‍ പ്രചരിപ്പിക്കാൻ കോടികളുടെ ധൂർത്തു നടക്കുന്നവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പെരുമാറ്റ ചട്ടം നിലവിൽ വന്ന ദിവസം തന്നെ സ്വകാര്യ ഏജൻസികള്‍ പണം അനുവദിച്ചുള്ള ഉത്തരവും പുറത്തിറക്കിയത്. അതേ ദിവസം സർക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാൻ സി-ഡിറ്റിന് 13.26 ലക്ഷം രൂപയും അനുവദിച്ച് ഉത്തരവിറക്കി. പെരുമാറ്റം ചട്ട വന്നാൽ സർക്കാർ പരസ്യങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്നിരിക്കെ തുടക്കത്തിൽ എന്താണ് പണം അനുവദിച്ചതെന്നാണ് ആക്ഷേപം. 

പക്ഷെ ജനുവരിയിൽ തന്നെ കമ്പനിയെ തെരഞ്ഞെടുക്കുകയും അവർ പ്രവർത്തനം തുടങ്ങുകയും ചെയ്തതാണെന്ന് പിആർഡ‍ി ഡയറക്ടർ ഹരികിഷോ‍ർ പറഞ്ഞു. ഒരു വർഷത്തെക്കാണ് ടെണ്ടർ, അതിനുള്ള സർക്കാർ ഉത്തരവ് നടപടിക്രമം പൂർത്തിയാക്കി ഇറക്കുക മാത്രമാണ് ചെയ്തതും അദ്ദേഹം പറഞ്ഞു. സി-ഡിറ്റ് നേരത്തെ സമർപ്പിച്ച ഒരു ശുപാർശയിൽ ഇപ്പോൾ പണം അനുവദിച്ചുവെങ്കിലും പെരുമാറ്റ ചട്ടം വന്നതിനാൽ ഇനി സോഷ്യൽ മീഡിയ വഴി പ്രചരണത്തിന് അനുവാദമില്ലെന്നും പിആർഡി ഡയറക്ടർ വിശദീകരിക്കുന്നു. ഇനി സർക്കാർ പണത്തിൻ്റെ മറവിൽ എൽഡിഎഫ് സോഷ്യമീഡിയ പ്രചരണം നടക്കുമോയെന്ന സംശയവും ബാക്കിയാണ്.

click me!