വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കും; കേന്ദ്രസഹായം തേടുമെന്ന് മന്ത്രി

By Web TeamFirst Published Oct 1, 2019, 4:47 PM IST
Highlights

 ആദ്യഘട്ടത്തില്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള പഠനം നടന്നുവരികയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന പെരുമഴയുടെ സാഹചര്യത്തില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി കൂടുതല്‍ ഡാമുകള്‍ സ്ഥാപിക്കാന്‍ ജലസേചന വകുപ്പ് ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള പഠനം നടന്നുവരികയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.

2018 ലെയും 2019 ലെയും പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളപ്പൊക്ക നിയന്ത്രണത്തിനായി ഡാമുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതിന്റെ അവലോകനയോഗം കഴിഞ്ഞദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നിരുന്നു. ഈ യോഗത്തിലാണ് അഞ്ച് സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക നിയന്ത്രണ ഡാമുകള്‍ക്ക് സാധ്യതയുള്ളതായി വിലയിരുത്തിയത്. ഇത് സംബന്ധിച്ച വിശദമായ പഠനം നടത്തും. 

പ്രളയം നിയന്ത്രിക്കുന്നതിന് കേരളത്തില്‍ കൂടുതല്‍ ഡാമുകള്‍ നിര്‍മ്മിക്കണമെന്ന് നേരത്തേ കേന്ദ്ര ജലകമ്മീഷനും വ്യക്തമാക്കിയിരുന്നു. അച്ചന്‍കോവില്‍, പമ്പ, പെരിയാര്‍ നദികളിലാണ് കൂടുതല്‍ ഡാമുകള്‍ വേണ്ടതെന്നാണ് പൊതുനിര്‍ദ്ദേശം. കോണ്ടൂര്‍ കനാല്‍ തകര്‍ന്നതാണ് ഈവര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ കരണം. അതേസമയം കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കുന്നതിന് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാനാണ് വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 

click me!